കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വീണ്ടും ലോട്ടറി തട്ടിപ്പ്. സാങ്കേതിക വിദ്യ ഉപയോഗിച്ച് നമ്പര്‍ മാറ്റി സമ്മാനാര്‍ഹമായ ടിക്കറ്റാണെന്ന വ്യാജേന സമ്മാനം തട്ടിയെടുക്കുന്നതിന് പിന്നാലെ കളര്‍ ഫോട്ടോസ്റ്റാറ്റെടുത്തും തട്ടിപ്പ് തുടങ്ങി. ഇത്തരത്തില്‍ ഫോട്ടോ സ്റ്റാറ്റെടുത്ത് സമ്മാനം തട്ടിയെടുക്കാനെത്തിയ ഒരാളെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. കല്യാണ്‍ റോഡിലെ ബാബു(45)വിനെയാണ് അറസ്റ്റ് ചെയ്തത്. കോട്ടച്ചേരി ബസ് സ്റ്റാന്റിലെ വിനായക ലോട്ടറി സ്റ്റാളില്‍ നിന്നുമാണ് പണം തട്ടിയത്. ഇന്നലെ രാവിലെ 11മണിക്കാണ് സംഭവം. കഴിഞ്ഞ മാസം 28 ന്റെ കാരുണ്യ ലോട്ടറിയുടെ 1000 രൂപ സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പികളാണ് സ്റ്റാളില്‍ ഹാജരാക്കിയത്. അഞ്ച് ടിക്കറ്റുകള്‍ ഹാജരാക്കി 5000 രൂപയാണ് വാങ്ങിയത്. ടിക്കറ്റിന്റെ ബാര്‍കോഡ് പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് മനസിലായത്. അതേ സമയം ബാബുവിനെ ടിക്കറ്റ് ഏല്‍പ്പിച്ചത് അപരിചിതരായ ചിലരാണ്. കമ്മീഷന്‍ നല്‍കാമെന്ന് പറഞ്ഞാണത്രെ ടിക്കറ്റ് നല്‍കിയത്.
സംശയം തോന്നിയ സ്റ്റാള്‍ ഉടമ വിവരം മറ്റ് സ്റ്റാള്‍ ഉടമകള്‍ക്ക് കൈമാറിയപ്പോള്‍ നഗരത്തിലെ തന്നെ ലക്കി സെന്റര്‍ എന്ന സ്റ്റാളിലും തട്ടിപ്പ് അരങ്ങേറിയതായി വ്യക്തമായി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നോര്‍ത്ത് കോട്ടച്ചേരിയില്‍ ലോട്ടറി സ്റ്റാള്‍ നടത്തുന്ന പടിഞ്ഞാറെക്കര പടിതാലിലെ സുരേഷില്‍ നിന്നും നമ്പര്‍ തിരുത്തി പണം തട്ടിയിരുന്നു. അപരിചിതനായ ഒരാളാണ് അന്ന് ടിക്കറ്റ് കൈമാറിയിരുന്നത്.
അതേ സമയം വ്യാജ ടിക്കറ്റുകള്‍ തിരിച്ചറിയാത്തതിനാല്‍ പല വില്‍പ്പനക്കാരും ചെറിയ സമ്മാനത്തുക നല്‍കാന്‍ തന്നെ ഭയക്കുകയാണ്. നടന്ന് വില്‍പ്പന നടത്തുന്നവര്‍ക്കാണ് ഈ അവസ്ഥ.