കുമ്പള: അനധികൃത മണല്‍ കടത്ത് സംഘത്തിനെതിരെ കുമ്പള പൊലീസ് നടപടി കര്‍ശനമാക്കി.
കഴിഞ്ഞ ദിവസം കുമ്പള എസ്.ഐ. വിപിനും സംഘവും നടത്തിയ പരിശോധനക്കിടെ ഒളയം പുഴയോരത്ത് സൂക്ഷിച്ച, അനധികൃത കടത്തിനുപയോഗിക്കുന്ന എട്ട് തോണികള്‍ ജെ.സി.ബി. ഉപയോഗിച്ച് തകര്‍ത്തിരുന്നു. മണല്‍ സൂക്ഷിക്കാന്‍ സ്ഥല സൗകര്യം നല്‍കിയതിന് സ്ഥലമുടമക്കെതിരെ കേസെടുക്കുകയും ചെയ്തു. രാത്രി കാലങ്ങളില്‍ കുമ്പളയില്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നിലയുറപ്പിക്കുന്ന ചില സംഘങ്ങള്‍ പൊലീസിന്റെ നീക്കങ്ങള്‍ മണല്‍ കടത്ത് സംഘങ്ങളെ അറിയിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്ന് പൊലീസ് പറഞ്ഞു.
ചില മണല്‍ കടത്ത് സംഘങ്ങള്‍ പൊലീസിന് തന്നെ ഭീഷണിയായി മാറിയിരിക്കയാണ്.
ചില സ്വകാര്യ വ്യക്തികള്‍ അനധികൃത കടവിന് റോഡ് നിര്‍മ്മിച്ച് ഒത്താശ ചെയ്യുന്നതായി വിവരമുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് പൊലീസ് പറഞ്ഞു.
വില കുറച്ച് നല്‍കുന്നത് ആരോപിച്ച് മണല്‍ കടത്ത് സംഘങ്ങള്‍ തമ്മില്‍ സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നതും പതിവാണ്. ഇതും പൊലീസിന് തലവേദന സൃഷ്ടിക്കുന്നു.