കണ്ണൂര്‍: മാനസികപിരിമുറുക്കത്തിന് അയവുവരുത്താനായി കൗണ്‍സിലിങ്ങിനെത്തിയ കൗമാരക്കാരിക്ക് ഇരട്ടി മാനസികപിരിമുറുക്കം നല്‍കി സൈക്കോളജിസ്റ്റിന്റെ ലൈംഗികാതിക്രമം. ഇരിട്ടി സ്വദേശിനിയായ പതിനാലുകാരിക്കാണ് കൗണ്‍ലിംഗ് കേന്ദ്രത്തില്‍ തിക്താനുഭവം നേരിടേണ്ടിവന്നത്. സംഭവവുമായി ബന്ധപ്പെട്ട് സൈക്കോളജിസ്റ്റ് രാജേഷിനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. 2019 ജനുവരി മുതല്‍ രാജേഷിന്റെ ഇടച്ചേരിയിലുള്ള ക്ലിനിക്കില്‍ മാതാപിതാക്കള്‍ക്കൊപ്പം നാലുമാസത്തോളം കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിയെ ഒരുദിവസം രാത്രി വിശദ കൗണ്‍സിലിങ്ങിനായി താമസിപ്പിക്കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു. ഭാര്യയോടൊപ്പമാണ് ഡോക്ടര്‍ താമസിക്കുന്നതെന്നറിഞ്ഞ് പെണ്‍കുട്ടിയെ അവിടെ നിര്‍ത്തി മാതാപിതാക്കള്‍ തിരിച്ചുപോയി. രാത്രി 9 മണിയോടെ ഡോക്ടര്‍ പെണ്‍കുട്ടിയെ തൊട്ടടുത്ത സഹോദരിയുടെ വീട്ടിലേക്ക് കൗണ്‍സിലിങ്ങിനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയും അവിടെ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ അസുഖം മൂര്‍ഛിച്ച പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ ബംഗളൂരുവില്‍ ചികിത്സക്ക് കൊണ്ടുപോയി.അസുഖം ഭേദമാകുകയും ചെയ്തു. അവിടെ കൗണ്‍സിലിംഗ് നടത്തിയ ഡോക്ടറോടാണ് തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച കാര്യം തുറന്നുപറഞ്ഞത്. തുടര്‍ന്ന് ബംഗളൂരുവിലെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.