കാസര്‍കോട്: ദേശീയപാത അതോറിറ്റിയില്‍ തഹസില്‍ദാര്‍ക്ക് പിന്നാലെ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറും സ്ഥലംമാറിപ്പോയതോടെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്നവര്‍ ആശങ്കയില്‍. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി ജില്ലയില്‍ ആറ് മാസത്തോളം പ്രവര്‍ത്തിച്ചിരുന്ന തഹസില്‍ദാര്‍ അടുത്തിടെയാണ് സ്ഥലംമാറിപോയത്. സ്ഥലമേറ്റെടുക്കലിന്റെ ഫയലുകള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് തഹസില്‍ദാര്‍ ആയിരുന്നു. തഹസില്‍ദാര്‍ക്ക് പകരം നിയമനമായെങ്കിലും പരിചയക്കുറവ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ വലിയ രീതിയില്‍ ബാധിച്ചേക്കും. അതിനിടെയാണ് ഡെപ്യൂട്ടി കലക്ടറും ഈ അടുത്ത് സ്ഥലംമാറിപോയത്. സ്ഥലം, കെട്ടിട ഉടമകള്‍ക്ക് ഫണ്ട് നല്‍കേണ്ടതടക്കമുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് ഡെപ്യൂട്ടി കലക്ടറായിരുന്നു. പകരം എ.ഡി.എമ്മിനാണ് ചുമതല നല്‍കിയിരിക്കുന്നത്. പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെ ഇങ്ങനെ സ്ഥലംമാറ്റുന്നത് സ്ഥലമുടമകളെ വലിയ ആശങ്കയിലാക്കുകയാണ്.
തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള ജില്ലയിലെ 87 കിലോമീറ്റര്‍ ദേശീയപാതയുടെ വികസനം ഏറ്റവും ആദ്യം നടപ്പിലാക്കുമെന്ന് വര്‍ഷങ്ങളായി പറയുന്നുണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കലിന്റെ ചെറിയൊരു ഘട്ടംമാത്രമേ ജില്ലയില്‍ പൂര്‍ണ്ണമായിട്ടുള്ളു. വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ഇതിനോടകം നഷ്ടപരിഹാരതുക നല്‍കിയത്.
അതേസമയം ദേശീയപാത വികസനത്തിനുള്ള ഔദ്യോഗിക നടപടികള്‍ക്ക് ദേശീയതലത്തില്‍ ഉദ്യോഗസ്ഥര്‍ വേഗത നല്‍കിയതായാണ് വിവരം. കേന്ദ്രമന്ത്രിയുടെ ശകാരത്തിന് പിന്നാലെയാണിത്. ധാരണാപത്രത്തില്‍ കേരളവും കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയവും ഇന്നലെ ഒപ്പുവെച്ചു. കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് കേരളം ഏറ്റെടുക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു.
2021ഓടെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത ആറ് വരിയാക്കി വികസിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ പ്രവൃത്തി നടക്കേണ്ട കാസര്‍കോട് ജില്ലയിലെ തന്നെ സ്ഥലമേറ്റെടുപ്പ് വരെ പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യം കടക്കാന്‍ ഏറെ കാത്തിരിക്കേണ്ടിവരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.