ബദിയടുക്ക: ഇരുവൃക്കകളും തകരാറിലായി ദുരിതമനുഭവിക്കുന്ന യുവാവിന് പൊലീസിന്റെ സഹായ ഹസ്തം. ചെറുവത്തൂര്‍ വടക്കുമ്പാട് രാമന്‍ ചിറയിലെ ഹരിദാസിന്റെ മകന്‍ ഗിരീഷിനാണ് (25) ചികിത്സാസഹായവുമായി ജനമൈത്രി പൊലീസിന്റെ സംഘടനയായ മര്‍സികോപ്‌സ് രംഗത്തുവന്നത്. ഒരു വര്‍ഷം മുമ്പ് ഗള്‍ഫിലേക്ക് പോയ ഗിരീഷ് അസുഖം കാരണം മൂന്ന് മാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗിരീഷിന് എല്ലാ ആഴ്ച്ചയും ഡയാലിസിസ് വേണ്ടി വരുന്നു. കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കിയ ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രാജീവന്‍ ഇക്കാര്യം മര്‍സികോപ്‌സിനെ അറിയിച്ചു. തുടര്‍ന്ന് ബദിയടുക്ക സി.ഐ സതീശന്‍ ഗിരീഷിന്റെ അച്ഛന്‍ ഹരിദാസിന് തുക കൈമാറി. ഗിരീഷിനെ കൂടാതെ ഹരിദാസിന് ഹരീഷ്, ഹരിത എന്നിങ്ങനെ മറ്റ് രണ്ട് മക്കള്‍ കൂടിയുണ്ട്. അമ്മ തങ്കമണി ഗിരീഷിന് വൃക്കനല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ തങ്കമണിയെ പരിശോധിച്ചപ്പോള്‍ ഹൃദയസംബന്ധമായ അസുഖമുള്ളതിനാല്‍ വൃക്കമാറ്റിവെക്കാന്‍ കഴിയില്ലെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. മറ്റൊരാളുടെ വൃക്കമാറ്റി വെക്കുന്നതിന് വന്‍തുകതന്നെ ചെലവാകും. ഈ സാഹചര്യത്തിലാണ് സഹായത്തിന് പൊലീസ് തന്നെ മുന്നിട്ടിറങ്ങിയത്. ചടങ്ങില്‍ എസ്.ഐ വിപിന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹബീബ് സ്വാഗതവും ശ്രീനാഥ് നന്ദിയും പറഞ്ഞു. മറ്റ് പൊലീസുകാരും ചടങ്ങില്‍ പങ്കെടുത്തു.