കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് കുപ്പികള്‍ ഇനി വലിച്ചെറിയേണ്ട, അഥവാ വലിച്ചെറിഞ്ഞാല്‍ തന്നെ തങ്ങള്‍ ശേഖരിച്ചുകൊള്ളാമെന്ന് കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍. ഹരിത കേരള മിഷനുമായി സഹകരിച്ച് പരിസ്ഥിതി മലിനീകരണമൊഴിവാക്കാന്‍ തുടക്കമെന്നോണം 15,000 പ്ലാസ്റ്റിക് കുപ്പികളാണ് കുട്ടികള്‍ ശേഖരിച്ചത്. സ്‌കൂള്‍ പരിസരത്തു നിന്നു മാത്രമല്ല സമീപത്തെ കടകള്‍, വീടുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളുടെ പരിസരങ്ങളില്‍ നിന്നെല്ലാം കുട്ടികള്‍ ശേഖരിച്ചത് നൂറു കണക്കിന് കുപ്പികള്‍. ‘കുപ്പി’ പദ്ധതി (കാസര്‍കോട് യൂണിക് പ്രോഗ്രാം ഫോര്‍ പ്ലാസ്റ്റിക് ബോട്ടില്‍ ഫ്രീ യജ്ഞ) യുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കാഞ്ഞങ്ങാട് സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍ നിര്‍വ്വഹിച്ചു. കുട്ടികള്‍ ശേഖരിച്ച കുപ്പികള്‍ കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹനീഫ ബേവിഞ്ച സബ് കലക്ടറില്‍ നിന്നും ഏറ്റുവാങ്ങി. ഗാന്ധിജി കാണിച്ചു തന്ന സത്യത്തിന്റെയും അഹിംസയുടെയും വഴിയെ കുട്ടികള്‍ ചലിക്കണമെന്ന് സബ് കലക്ടര്‍ ഓര്‍മിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.വി. ദാക്ഷ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.വി. ജയരാജ്, ഹെഡ്മാസ്റ്റര്‍ ടി.വി. പ്രദീപ്കുമാര്‍, പി.ടി.എ പ്രസിഡണ്ട് പല്ലവ നാരായണന്‍, മദര്‍ പി. ടി.എ പ്രസിഡണ്ട് കെ. ദിവ്യ, ഇബ്രാഹിം ചെമ്മനാട്, വി. ഹരിദാസ്, എം. രാജീവന്‍. എ. പി. അഭിലാഷ്, വിദ്യ സൂരജ് പ്രസംഗിച്ചു.