കണ്ണൂര്‍: കോടതിമുറിയില്‍ എഴുപതുകാരനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ നാല് അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ എളയാവൂരിലെ വി.വി. പ്രഭാകരന്റെ പരാതിയില്‍ തലശേരി ബാറിലെ അഭിഭാഷകരായ വിശ്വന്‍, പ്രദ്യു, രഞ്ജിത്, നിസാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ മാസം 18ന് തലശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ വാദം കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ അഭിഭാഷകര്‍ പ്രഭാകരനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും ഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് പരാതി. പവര്‍ ഓഫ് അറ്റോര്‍ണിയുമായി മറ്റൊരാളുടെ കേസ് വാദിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു.