ജീവിതത്തേയും മനുഷ്യപ്രകൃതിയേയും സമഗ്രതയില്‍ ആവിഷ്‌കരിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല മാധ്യമമാണ് നോവല്‍ എന്ന് നിസ്സംശയം പറയാം. വിശ്വസാഹിത്യത്തിലെ ബൃഹദാഖ്യാനങ്ങള്‍ ഈ വാദത്തിന്റെ ഉത്തമദൃഷ്ടാന്തങ്ങളായി കാലദേശാതിര്‍ത്തികളെ ഭേദിച്ചുകൊണ്ട് നില്‍ക്കുന്നതായി കാണാം. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളോടൊപ്പം ഓരോ കാലഘട്ടത്തിന്റേയും ദേശത്തനിമകളുടേയും സ്പന്ദനങ്ങള്‍ കൂടി ഏറ്റുവാങ്ങാന്‍ കഴിഞ്ഞതുകൊണ്ടുകൂടിയാണ് ഈ ഔന്നത്യം അത്തരം രചനകള്‍ക്ക് കൈവരിക്കാനായത് എന്ന വസ്തുതയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
സാറാജോസഫിന്റെ ആലാഹായുടെ പെണ്മക്കള്‍, മാറ്റാത്തി എന്നിവ പ്രത്യേകം വായനാസുഖമുള്ള നോവലാണ്. കേരളീയ നഗരപശ്ചാത്തലത്തിലെ ചേരിപ്രദേശത്തെ കേന്ദ്രമാക്കിക്കൊണ്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അധഃസ്ഥിതവിഭാഗങ്ങളുടെ സാമൂഹികജീവിതത്തെ വല്ലാതെ സൂക്ഷ്മതയോടെ ആവിഷ്‌കരിച്ച സാറാജോസഫിന്റെ മേല്‍പ്പറഞ്ഞ രചനകള്‍ പ്രമേയസ്വീകാര്യത്തിന്റേയും ആഖ്യാനരീതിയുടേയും കാര്യത്തില്‍ തികച്ചും നൂതനവും മൗലികവുമായ മേന്മകള്‍ അവകാശപ്പെടാവുന്നവയാണ്.
ഈ രണ്ടുകൃതികളും കഴിഞ്ഞാല്‍ ശ്രദ്ധേയമായ മറ്റൊരു കൃതി ഉത്തരാധുനികജീവിതാനുഭവങ്ങള്‍ സൃഷ്ടിക്കുന്ന അപമാനവീകരണവും സങ്കീര്‍ണ്ണതകളും ആസ്പദമാക്കിയ സേതുവിന്റെ അടയാളങ്ങളാണ്. പ്രത്യേകിച്ചും സാങ്കേതികവിദ്യ മനുഷ്യന്റെ വൈകാരികജീവിതത്തിന്റേയും ബന്ധങ്ങളുടേയും മേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആധിപത്യവും അവതരിപ്പിക്കുന്നതാണ്. അതിനുശേഷം എടുത്തുപറയേണ്ടുന്ന മറ്റൊരു നോവലാണ് കെ.പി രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്തകം എന്ന നോവല്‍.
ഒരു പ്രാദേശിക ജനസംസ്‌കൃതിയുടെ ശക്തിയും സൗന്ദര്യവും തനിമയുമൊക്കെ ഏതുവിധേനയും ഇല്ലാതാക്കി ഒരു ജനസമൂഹത്തെ അതിന്റെ സ്വന്തം മണ്ണില്‍ അന്യരാക്കുന്ന ശ്രമത്തോടെ കച്ചവടക്കണ്ണുമായി അവിടെയെത്തുന്ന നവമുതലാളിത്ത അധികാരകേന്ദ്രങ്ങളേയും അവരുടെ സ്ഥാപിത താത്പര്യങ്ങളേയും സൂക്ഷ്മതയോടെ അവതരിപ്പിക്കുന്ന മറ്റൊരു നോവലാണ് അംബികാസുതന്‍മാങ്ങാടിന്റെ മരക്കാപ്പിലെ തെയ്യങ്ങള്‍.
കാലഘട്ടത്തിന്റെ പ്രത്യേകതകള്‍, ദേശത്തിന്റെ തനിമകള്‍, സര്‍വ്വോപരി മനുഷ്യപ്രകൃതി, ജീവിതാവസ്ഥകള്‍ ഇവയുടെ സങ്കീര്‍ണ്ണവും അവ്യാഖ്യേയവുമായ വസ്തുതകള്‍ എന്നിവയൊക്കെ അതീവ സൂക്ഷ്മതയോടേയും സമഗ്രതയോടേയും അവതരിപ്പിക്കാനുള്ള പരിശ്രമം, മികവാര്‍ന്ന പാത്രസൃഷ്ടി നിര്‍വ്വഹിക്കാന്‍ പ്രാപ്തമായ ഉള്‍ക്കാഴ്ചകള്‍, മനുഷ്യസ്വഭാവത്തെ കുറിച്ചുള്ള പരിജ്ഞാനം, സാമൂഹികാവബോധം, ജീവിതത്തെ അതിന്റെ സമഗ്രതയില്‍ ആഴത്തിലും പരപ്പിലും ചിത്രീകരിക്കാനുള്ള നിരീക്ഷണം; ഇതില്‍ നിന്നെല്ലാം രൂപം കൊള്ളുന്ന ഒരു ജീവിതദര്‍ശനം എന്നിവയൊക്കെ പ്രകടമാക്കുന്ന രചനകളായതിനാലാണ് അവ ഉന്നത നിലവാരം പുലര്‍ത്തുന്ന ആഖ്യാനങ്ങളായി നമുക്ക് അനുഭവപ്പെടുന്നത്.
വടക്കേ മലബാറിലെ ഗ്രാമജീവിതത്തില്‍ തെയ്യം ഉണ്ടാക്കിയെടുക്കുന്ന അത്ഭുതങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിവ കൃഷ്ണന്‍ പണിക്കര്‍ എന്ന തെയ്യം കലാകാരനിലൂടെയും സീത എന്ന സവര്‍ണ്ണ നര്‍ത്തകിയിലൂടെയും നോവലിസ്റ്റ് വിവരിക്കുന്നു. തെയ്യത്തിന്റെ പ്രാദേശികതയും കീഴ്‌വഴക്കങ്ങളും ചേര്‍ന്ന് മനുഷ്യബന്ധങ്ങളിലുണ്ടാകുന്ന സങ്കീര്‍ണ്ണതകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന സവിശേഷമായൊരു രചനയാണ് വാക്കുരിയാട്ടം. ഒരുജനതയുടെ കാലികമായ മാറ്റം അനാവരണം ചെയ്യുന്നതിലൂടെ അവരുടെ അന്തഃസംഘര്‍ഷങ്ങളിലേക്കും ഈ നോവല്‍ നമ്മെ നയിക്കുന്നു.കൂടാതെ തെയ്യങ്ങള്‍ ആരാധനാമൂര്‍ത്തികള്‍ എന്നതിനപ്പുറം മനുഷ്യന്റെ ചൂഷണവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന തനതായ ആവിഷ്‌ക്കാരമായും നോവലില്‍ പ്രതിപാദിക്കുന്നു.
അവതാരികയില്‍ ഡോ.രാജേഷ്‌കോമത്ത് പുനവും ഫലവും നഷ്ടമായവരുടെ വേദനയേയും കുലവും കലയും അന്യമാകുന്നവരുടെ മനസ്സിനേയും തീപൊള്ളുന്ന അനുഭവങ്ങളുടെ തീക്ഷ്ണതയില്‍ സ്ഫുടം ചെയ്ത് എഴുതിയ ഈ നോവല്‍ വടക്കേമലബാറിന്റെ പ്രത്യേകിച്ച് കാസര്‌കോടിന്റെ പ്രാദേശികതയും ഐതിഹ്യവും പുരാവൃത്തങ്ങളും പ്രണയവും രാഷ്ട്രീയവുമെല്ലാം കോര്‍ത്തിണക്കിയ ഒരു മനോജ്ഞദേശാവിഷ്‌കാരമാണ്. നോവലിന്റെ ആദ്യവരിയില്‍നിന്നുതന്നെ പ്രണയമാണ് ഇതിലെ പ്രമേയമെന്ന് നമുക്ക് മനസ്സിലാവും. നിലവിളക്കിന്റെ തുടുത്ത ദീപനാളം പോലെയാണവന്‍ അവളിലേക്ക് ഊര്‍ന്നിറങ്ങിയത് എന്ന വരിയിലൂടെയാണ് നോവല്‍ പ്രയാണം ആരംഭിക്കുന്നത്. കൃഷ്ണന്‍ പണിക്കറും സീതയും തമ്മിലുള്ള പ്രണയം തെയ്യങ്ങളുടെയും നാട്ടുസംസ്‌കാരത്തിന്റേയും ഈടുവയ്പ്പുകളിലൂടെ കുറിച്ചിടുന്ന നോവല്‍ പ്രണയത്തോടൊപ്പം തുളുനാടിന്റെ സാംസ്‌കാരികചരിത്രവും വര്‍ത്തമാനവും നമ്മെ അനുഭവിപ്പിക്കുന്നു. പദ്മനാഭന്‍ ബ്ലാത്തൂര്‍ മാഷ് പഠനത്തില്‍ അവകാശപ്പെടുന്നതുപോലെ മിത്തും ചരിത്രവും നിഴലും നിലാവുമെന്നതുപോലെ ഈ കൃതിയില്‍ കൊരുത്തുവെയ്ക്കാന്‍ ബാലകൃഷ്ണന്‍ ചെര്‍ക്കളയ്ക്ക് കഴിയുന്നുണ്ട്.
മിക്ക തെയ്യങ്ങളുടേയും പിറകിലും ഓരോ രക്തസാക്ഷിത്വത്തിന്റെ കഥയുണ്ടെന്നും താഴ്ന്ന ജാതിക്കാരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പുമായി തെയ്യത്തിന്റെ ചരിത്രത്തിന് ബന്ധമുണ്ടെന്ന് ഈ നോവല്‍ അടിവരയിടുന്നു. കള്ളുകുടിക്കുന്ന ഗ്ലാസ് എല്ലാവര്‍ക്കും ഒന്നുതന്നെയാണ്. അതിന് അയിത്തവും ജാതിയുമൊന്നുമില്ല.
രണ്ടിടങ്ങഴിനെല്ലില്‍ കൂടുതല്‍ നെല്ല് അവകാശപ്പെട്ടതിനാണ് ചാത്തനെ കൊന്നത്. കുട്ടിച്ചാത്തന്‍ തെയ്യം ആവിര്‍ഭവിച്ചത് അങ്ങനെയാണെന്നാണ് ഐതിഹ്യം.അതുപോലെ വിഷ്ണുമൂര്‍ത്തിയ്ക്കും ചാമുണ്ഡിയ്ക്കും ഒക്കെ ഓരോ ഐതിഹ്യങ്ങളുണ്ട്. പൊവ്വല്‍ക്കോട്ടയുടേയും കോഴിക്കെട്ടിന്റെയും ഒക്കെ ചരിത്രവും വര്‍ത്തമാനവും നോവലില്‍ വരച്ചുകാട്ടുന്നുണ്ട്.പാണത്തൂര്‍ തറവാട്ടിലെ പാണ്ഡ്യാലവീട്ടില്‍ ഏഴുദിവസം നീണ്ടുനില്ക്കുന്ന തെയ്യംകെട്ടുത്സവത്തില്‍ രക്തേശ്വരി,കുറത്തിയമ്മ,പൊട്ടന്‍തെയ്യം,ഗുളികന്‍,കുട്ടിച്ചാത്തന്‍,ഭൈരവന്‍,ഉച്ചിട്ട,വിഷ്ണുമൂര്‍ത്തി തെയ്യങ്ങളൊക്കെ കെട്ടിയാടുന്നുണ്ട്.
കലശക്കാരന്‍ അമ്പുവിനും ചിരുതയ്ക്കും കൂടി പിറന്ന മകള്‍ പുഷ്പാവതിയില്‍ പുരുഷോത്തമന്‍ നമ്പ്യാര്‍ക്ക് ഒരുകണ്ണെപ്പോഴും ഉണ്ടായിരുന്നു.എന്നും ഒരു ശൃംഗാരനോട്ടം നോട്ടം ….എന്നാല്‍ അവളെതന്നെ ഇല്ലാതാക്കും എന്ന് ആരും കരുതിയില്ല.ഇതിന്റെ ഒരു നീറ്റല്‍ അമ്പുവില്‍ വല്ലാത്ത അസ്വാസ്ഥ്യവും പകയും ഉണ്ടാക്കി.
കൃഷ്ണന്‍ പണിക്കര്‍ ഇത് മനസ്സിലാക്കിയിരുന്നു.അമ്പുവിനോട് ഇക്കാര്യത്തില്‍ അലിവ് തോന്നിയ പണിക്കര്‍ പുരുഷോത്തമന്‍ നമ്പ്യാരെ ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള അവസരത്തിനായി അമ്പുവിനോടൊപ്പം ചില പദ്ധതികളൊക്കെ അസ്സൂത്രണം ചെയ്തു.’എല്ലാം കണ്ടോണ്ട് നമ്മൊ രാപ്പകലില്ലാതെ പണിയെടുത്തു കെട്ടിയാടുന്ന ദൈവങ്ങളുണ്ടാവൂല്ലോ,തീയന്‍ച്ചാ..’ ‘ഓരോ പണിക്കും കൃത്യമായ ശമ്പളവും ഉണ്ട്.അത് പ്രകൃതിനിയമമാണമ്പുവേട്ടാ …ആ നിയമം തെറ്റിയാപ്പിന്നെ ഈ പ്രപഞ്ചം തന്നെയില്ലല്ലോ’..കൃഷ്ണന്‍ പണിക്കര്‍ പറഞ്ഞതിന്റെ പൊരുള്‍ പൂര്‍ണ്ണമായും അമ്പുവിന് മനസ്സിലായില്ലെങ്കിലും എന്തെങ്കിലും കരുതലുകള്‍ പണിക്കര്‍ എടുത്തിട്ടുണ്ടാവും എന്ന് അമ്പു ഊഹിച്ചെടുത്തു.അങ്ങനെ കണ്ഠകര്‍ണ്ണന്‍ തെയ്യം കെട്ടിയ ദിവസം പുരുഷോത്തമന്‍ നമ്പ്യാരുടെ വസ്ത്രത്തില്‍ തീപ്പിടിപ്പിച്ച ഭാവേന അദ്ദേഹത്തെ കൊല്ലുകയും അമ്പു സ്വയം തീപിടിച്ചു ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.
തെയ്യം തന്നില്‍നിന്നും ഇറങ്ങിപ്പോയെന്നും താനിനി ഒരുതെയ്യവേഷവും കെട്ടില്ലെന്ന് അച്ഛനോട് പറയുകയും തുടര്‍ന്ന് കൃഷ്ണന്‍ പണിക്കര്‍ തെയ്യവേഷങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു.എങ്കിലും അച്ഛന്റെ നിര്‍ബന്ധത്തിനുവഴങ്ങി ഒരിക്കല്‍ പണിക്കര്‍ വേഷമിടുന്നെങ്കിലും അദ്ദേഹത്തിന് പറ്റാതെ രാമന്‍ പണിക്കര്‍ തന്നെ തീച്ചാമുണ്ഡി വേഷം കേട്ടുകയും നൂറ്റൊന്ന് തവണ തീയ്യില്‍(മേലേരിയില്‍) ചാടുകയും ചെയ്തു.
എന്നാല്‍ നൂറ്റൊന്നാമത്തെ തവണ ചാടിയപ്പോള്‍ എല്ലാവരുംകൂടി തെയ്യക്കോലത്തെ വാരിപ്പിടിച്ചെടുത്ത് അവസാനം കൃഷ്ണന്‍ പണിക്കരുടെ മടിയില്‍വെച്ച് അച്ഛന്‍ പണിക്കര്‍ മരിക്കുന്നിടത്ത് നോവല്‍ അവസാനിക്കുകയാണ്. എന്തായാലും തുളുനാടിന്റെ ചരിത്രവും വര്‍ത്തമാനവും ഇഴകീറിയെടുത്ത ഒരു വായനാനുഭവം നമുക്ക് പ്രദാനം ചെയ്യുന്നതില്‍ ബാലകൃഷ്ണന്‍ ചെര്‍ക്കള വിജയിച്ചിട്ടുണ്ട് എന്നാണ് എന്റെ പക്ഷം.
ഒരു പ്രണയത്തിന്റെ ഫ്രെയിമിലൂടെയാണ് കഥ മെനയുന്നതെങ്കിലും അതിനപ്പുറം തെയ്യം കലയുടെ ചൈതന്യധാരകള്‍ നമ്മിലേക്ക് സന്നിവേശിപ്പിക്കാന്‍ വാക്കുരിയാട്ടത്തിന് കഴിഞ്ഞിട്ടുണ്ട്.