എം.ബി.ബി.എസ്. ബിരുദം ജനസേവനത്തിനായി സമര്‍പ്പിച്ച ഡോക്ടര്‍ എം.എ. സമദ് യാത്രയാവുമ്പോള്‍ മനസുനോവുന്ന ഒരുപാടുപേരുണ്ട് മലയോരമേഖലയില്‍. രാജപുരത്ത് ഡോ. സമദിന്റെ ഹൃദയ നന്മ ആസ്വദിച്ചവരാണ് ഏറെയും.
മലയോര മേഖലയിലെ പാവപ്പെട്ട രോഗികളുടെ അത്താണി, തലക്കനമില്ലാത്ത, നാടാകെ ഓടിനടക്കുന്ന സമദ് ഡോക്ടര്‍. നാല് പതിറ്റാണ്ട് കാലത്തോളം രാജപുരത്ത് തന്റെ ജീവിതം സമര്‍പ്പിച്ച ഡോ. സമദിന്റെ വേര്‍പാട് അവരില്‍ ഉണ്ടാക്കിയ സങ്കടം ചെറുതല്ല. ഇതുപോലൊരു ഡോക്ടര്‍സാറെ ഇനി തങ്ങള്‍ക്ക് കിട്ടുമോ എന്ന അവരുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിയുന്നില്ല.
ഏത് പാതിരാ നേരത്ത് പോയി വിളിച്ചാലും വിളി കേട്ടുണരുന്ന അപൂര്‍വ്വം ചില ഡോക്ടറില്‍ ഒരാളായിരുന്നു അദ്ദേഹം എന്നാണ് അവരുടെ വിലയിരുത്തല്‍. അന്നന്നത്തെ അധ്വാനത്തിലൂടെ കുടുംബത്തിന് അന്നം കണ്ടെത്തുന്ന പാവപ്പെട്ട രോഗികളുടെ ഏക ആശ്രയം എന്ന് പറയുന്നത് സര്‍ക്കാര്‍ ആസ്പത്രികളാണ്.
എന്നാല്‍ രാജപുരം മേഖലയിലെ പാവം ജനത ഓടി എത്തുന്നത് സമദ് ഡോക്ടറുടെ അടുത്താണ്.
അവര്‍ പറയുന്നു. നല്ല പരിചരണം, നല്ല ഇടപെടല്‍, ഫീസിന്റെ കാര്യത്തില്‍ നിര്‍ബന്ധമില്ല. നല്‍കുന്നത് സന്തോഷത്തോടെ വാങ്ങും. ഒന്നുമില്ലാതെ വിഷമിക്കുന്ന രോഗികള്‍ക്ക് സര്‍ക്കാര്‍ ആസ്പത്രികളില്‍ നിന്ന് സൗജന്യമായി കിട്ടുന്നതിനേക്കാള്‍ മരുന്ന് നല്‍കി ഒന്നും വാങ്ങാതെ പറഞ്ഞു വിടുന്ന സമദ് ഡോക്ടര്‍ അവര്‍ക്ക് എല്ലാമായിരുന്നു.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാന്‍ രാജപുരത്ത് നിന്ന് നിരവധിപേരാണ് മേല്‍പറമ്പിലെ വസതിയിലേക്ക് ഓടിക്കിതച്ചെത്തിയത്. വികാര നിര്‍ഭരമായ അന്തരീക്ഷമായിരുന്നു അവിടെ. ഡോക്ടര്‍ ഓര്‍മ്മയായെങ്കിലും അദ്ദേഹത്തിന്റെ സേവന മുഖം തങ്ങളുടെ ഹൃദയത്തില്‍ നിന്ന് ഒരിക്കലും മാഞ്ഞു പോകില്ലെന്ന് നിറമിഴികളോടെ അവര്‍ പറയുന്നുണ്ടായിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ ബര്‍സഖി ജീവിതം ധന്യമാക്കി കൊടുക്കട്ടെ, ആമീന്‍.