കാസര്‍കോട്: റെയില്‍വേയില്‍ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശി പാലക്കാട്ട് പിടിയിലായി. കാസര്‍കോട് പരപ്പ കമ്മാടത്തെ ഷമീം എന്ന ഷാനുവിനെ (31)യാണ് പാലക്കാട് ഡി.വൈ.എസ്.പി പി.ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുകളും പിടികൂടി. റെയില്‍വേ പാന്‍ട്രിക്കാര്‍ ജീവനക്കാരനായിരുന്ന ഷമീമിന് ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ഉയര്‍ന്ന യോഗ്യതയുള്ളവരെ കണ്ടെത്തി ഷമീം അവരോട് താന്‍ റെയില്‍വേ റിക്രൂട്ട് ബോര്‍ഡംഗമാണെന്ന് വിശ്വസിപ്പിക്കുകയും റെയില്‍വേയിലെ വിവിധ തസ്തികകളില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പണം കൈക്കലാക്കുകയുമായിരുന്നു. നിരവധി സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഷമീം ഇന്റര്‍നെറ്റ് വഴിയാണ് ആളുകളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നത്.