കുമ്പള: കുമ്പള ഗവ. ആസ്പത്രിയില്‍ ഒരേ മേശയുടെ ചുറ്റുവട്ടമിരുന്ന് ഡോക്ടര്‍മാര്‍ ഒരേ സമയത്ത് രോഗികളെ പരിശോധിക്കുന്നത് വിവാദമാകുന്നു. ഏതാനും വര്‍ഷം മുമ്പ് ഇതേ രീതിയില്‍ പരിശോധന നടക്കുന്നുവെന്ന വിവാദമുണ്ടായതോടെ പരിഹാരം കണ്ടിരുന്നു. വീണ്ടും ഇതേ രീതി ആരംഭിച്ചതോടെ രോഗികള്‍ക്ക് ദുരിതമായിരിക്കുകയാണ്. രണ്ടോ അതില്‍ കൂടുതലോ ഡോക്ടര്‍മാരാണ് ഒരു മേശക്ക് ചുറ്റുവട്ടമിരുന്ന് രോഗികളെ ഒരേ സമയത്ത് പരിശോധിക്കുന്നത്.
സ്ത്രീകള്‍ അടക്കമുള്ള രോഗികള്‍ മറ്റു രോഗികളുടെ മുന്നില്‍ വെച്ച് തങ്ങളുടെ രോഗ വിവരങ്ങള്‍ ഡോക്ടറോട് വേണ്ട വിധം പറയാന്‍ മടിക്കുന്നു. ഗവ. ആസ്പത്രിയിലെ ഈ ഒരു അവസ്ഥ മൂലം പല രോഗികളും സ്വകാര്യ ആസ്പത്രികളില്‍ ചികിത്സ തേടി പോവുകയാണ്. ആസ്പത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് പരിശോധന നടത്താന്‍ വെവ്വേറെ മുറികള്‍ ഉണ്ടെങ്കിലും അവയൊക്കെ അടഞ്ഞു കിടക്കുകയാണ്. ഈയൊരു പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.