കോഴിക്കോട്: താമരശേരി കൂടത്തായിയില്‍ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ബന്ധുക്കളുമടക്കം ആറുപേര്‍ ദുരൂഹമായി മരണപ്പെട്ട സംഭവത്തില്‍ ജോളി എന്ന യുവതിയെ ചോദ്യം ചെയ്യാന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെ ചുരുളഴിയാന്‍ പോകുന്നത് 14 വര്‍ഷം നീണ്ട നിഗൂഢത. 2002 ല്‍ ജോളിയുടെ ഭര്‍തൃമാതാവ് റിട്ട.അധ്യാപിക അന്നമ്മ തോമസ് ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ 2016 വരെയുള്ള കാലയളവില്‍ അഞ്ചുപേര്‍ കൂടി സമാനമായ ലക്ഷണങ്ങളോടെ മരിക്കുന്നു. ആറു മരണങ്ങള്‍ക്കും ദൃക്‌സാക്ഷിയായി ഒരാള്‍ മാത്രം; ജോളി. മരണങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കെ ഭര്‍തൃപിതാവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസിന്റെ കുടുംബ സ്വത്ത് കൈക്കലാക്കാന്‍ ജോളി നടത്തിയ നാടകീയ നീക്കങ്ങളും ടോം തോമസിന്റെ സഹോദരപുത്രനും മരണത്തിന് കീഴടങ്ങിയ ആറുപേരില്‍ ഒരാളായ സിലിയുടെ ഭര്‍ത്താവുമായ ഷാജുവുമായി ജോളി പുനര്‍വിവാഹം നടത്തിയതും ദുരൂഹതയുടെ ആക്കം കൂട്ടി. ടോം തോമസിന്റെ അമേരിക്കയിലുള്ള മകന്‍ റോജോ തോമസിന്റെ ചിന്തയില്‍ ഉദിച്ച സംശയങ്ങള്‍ അദ്ദേഹം കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് എഴുതിക്കൊടുക്കുന്നതോടെ അന്വേഷണത്തിന്റെ വരുതിയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. പൊലീസ് ആറുപേരുടെയും കല്ലറകള്‍ തുറന്ന് പരിശോധിക്കുന്നു. ജോളിയുടെ നീക്കങ്ങളില്‍ പൊരുത്തക്കേടുകള്‍ കാണുന്നു. ഒടുവില്‍ ഇന്ന് രാവിലെ ജോളിയെയും രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും സയനൈഡ് എത്തിച്ചുകൊടുത്തുവെന്ന് സംശയിക്കുന്ന ജ്വല്ലറി ജീവനക്കാരനും ജോളിയുടെ ബന്ധുവുമായ മാത്യുവിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നു.