ബദിയടുക്ക: മാന്യയില്‍ വൃദ്ധമാതാവിന്റെയും ഊമയായ മകളുടെയും മൃതദേഹങ്ങള്‍ കുളത്തില്‍ കണ്ടെത്തി. മാന്യ മീഗിനടുക്കയിലെ ഗോപാലകൃഷ്ണ റാവുവിന്റെ ഭാര്യ ശാന്ത ജി റാവു (70), മകള്‍ മല്ലിക (50) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ വീടിന് 100 മീറ്റര്‍ അകലെയുള്ള കുളത്തില്‍ കണ്ടെത്തിയത്. ഗോപാലകൃഷ്ണ റാവു ഇന്നലെ രാത്രി കൊല്ലങ്കാനയില്‍ നവരാത്രി മഹോത്സവം കാണാന്‍ പോയതായിരുന്നു. അര്‍ദ്ധരാത്രി രണ്ട് മണിയോടെ വീട്ടില്‍ തിരിച്ചെത്തി. ശാന്തയും മകള്‍ മല്ലികയും ഉറക്കത്തിലായിരിക്കുമെന്ന് കരുതി അദ്ദേഹവും ഉറങ്ങാന്‍ കിടന്നു. ഇന്ന് രാവിലെ ആറ് മണിയോടെ എഴുന്നേറ്റ ഗോപാലകൃഷ്ണ റാവു ശാന്തയേയും മല്ലികയെയും കാണാതിരുന്നതിനെ തുടര്‍ന്ന് മുറിയില്‍ ചെന്ന് നോക്കിയപ്പോള്‍ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് നൂറ് മീറ്റര്‍ അകലെയുള്ള ചെങ്കല്‍ കുളത്തില്‍ രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു. വീട്ടില്‍ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മകളുടെ അസുഖം ഭേദമാകാത്തതിലുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളതെന്ന് പൊലീസ് പറഞ്ഞു. സംസാര ശേഷിയില്ലാത്ത മല്ലിക അവിവാഹിതയായിരുന്നു. പലതരത്തിലുള്ള അസുഖങ്ങളും മല്ലികയെ വേട്ടയാടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മറ്റു മക്കള്‍: മധുകര, വെറ്റിനറി സര്‍ജന്‍ ഡോ. മനോഹര, മമത, മഞ്ജുള. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.