നീലേശ്വരം: ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ അവഗണന പതിവായതോടെ യുവതി കാമുകനോടൊപ്പം ഒളിച്ചോടി വിവാഹിതയായി. തുടര്‍ന്ന് കാമുകനുമൊത്തുള്ള താലികെട്ടിന്റെ മള്‍ട്ടികളര്‍ ചിത്രങ്ങള്‍ ഭര്‍തൃവീട്ടുകാര്‍ക്ക് വാട്‌സ് ആപ്പിലൂടെ അയച്ചുകൊടുത്ത് മധുര പ്രതികാരം നിര്‍വഹിക്കുകയും ചെയ്തു. നീലേശ്വരത്തിന്റെ സമീപപ്രദേശത്തുതാമസിക്കുന്ന ഗള്‍ഫുകാരന്റെ ഭാര്യ വെള്ളിയാഴ്ചയാണ് കാമുകനായ ഓട്ടോഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിപ്പോയത്. ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് യുവതി ആറുമാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനിടെ യുവതി സമീപവാസിയായ ഓട്ടോഡ്രൈവറുമായി പ്രണയത്തിലാകുകയായിരുന്നു. ഒരുനിമിഷം പോലും പിരിയാനാകാത്ത വിധം പ്രണയം കടുത്തതോടെ ഇരുവരും നാടുവിടാന്‍ തീരുമാനിക്കുകയാണുണ്ടായത്. ഇവര്‍ തമ്മിലുള്ള അടുപ്പം യുവതിയുടെ വീട്ടുകാര്‍ അറിഞ്ഞിരുന്നെങ്കിലും അവര്‍ ഇതിനോട് യോജിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒളിച്ചോടാന്‍ കമിതാക്കള്‍ നിര്‍ബന്ധിതരായത്. പ്രദേശത്തെ ഒരുക്ഷേത്രത്തില്‍ വിവാഹിതരായ ശേഷം രണ്ടുപേരും പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്തു. നവദമ്പതികളായി മാറിയ കമിതാക്കള്‍ പൊലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ ഓട്ടോഡ്രൈവറുടെ വീട്ടിലേക്ക് പോയി. തുടര്‍ന്നാണ് യുവതി പ്രത്യേകതരം വാശിയോടെ തന്റെ പുതിയ വിവാഹം സംബന്ധിച്ച വ്യത്യസ്ത കളര്‍ഫുള്‍ ചിത്രങ്ങള്‍ ഭര്‍തൃവീട്ടുകാരുടെ വാട്‌സ് ആപ്പിലേക്ക് അയച്ചത്. അനുരാഗ തീവ്രമായ ഗാനത്തിന്റെ പശ്ചാത്തലത്തോടെയുള്ള രംഗങ്ങളുമായി വിവാഹാനന്തരം ചിത്രീകരിച്ച ഒന്നുരണ്ട് വീഡിയോകളും കൂട്ടത്തില്‍ അയച്ചു. ഒരുവര്‍ഷം മുമ്പാണ് യുവതിയുടെ ആദ്യവിവാഹം നടന്നത്. ഒരുമാസം തികയുന്നതിനുമുമ്പുതന്നെ ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോകുകയായിരുന്നു. ഭര്‍തൃവീട്ടുകാരുമായി യുവതി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. ഗള്‍ഫില്‍ പോയ ഭര്‍ത്താവ് ഫോണില്‍ വിളിക്കുമ്പോഴും യുവതിയോട് സംസാരിക്കാന്‍ വലിയ താത്പര്യം കാണിച്ചില്ല. ഭര്‍ത്താവ് അയാളുടെ വീട്ടുകാര്‍ക്ക് പണമയക്കുമ്പോള്‍ തനിക്ക് ഒന്നും നല്‍കുന്നില്ലെങ്കിലും പണത്തിന് ആവശ്യം വരുമ്പോള്‍ ഭര്‍തൃവീട്ടുകാരുടെ കാലുപിടിക്കേണ്ട ഗതികേട് വരികയാണെന്നുമുള്ള പരാതി യുവതിക്കുണ്ടായിരുന്നു. വിരസമായ നാളുകള്‍ തള്ളിനീക്കേണ്ടിവന്നതോടെ മനംമടുത്ത യുവതി ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.