കാഞ്ഞങ്ങാട്: ഡ്രൈവര്‍മാരെ കൂട്ടത്തോടെ ജില്ലയിലും പിരിച്ചുവിട്ടതോടെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വീണ്ടും അനിശ്ചിതത്വത്തിലായി. കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ നിന്നായി 71 എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതാണ് പ്രതിസന്ധിക്ക് കാരണം. ഇതേ തുടര്‍ന്ന് സ്ഥിരം ഡ്രൈവര്‍മാരെ തന്നെ ഉപയോഗപ്പെടുത്തി നിലവിലുള്ള സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്താനുള്ള ശ്രമങ്ങളാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നടത്തുന്നത്. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് 49 പേരെയും കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് 22പേരെയുമാണ് പിരിച്ചുവിട്ടത്. ഇവരില്‍ ഏറെ ജീവനക്കാരും 20 വര്‍ഷത്തിലധികം ജോലി ചെയ്തവരാണ്. നിലവിലുള്ള സ്ഥിതി അനുസരിച്ച് 20 ലധികം ഷെഡ്യൂളുകള്‍ അവതാളത്തിലാകുമെന്നാണ് ആശങ്ക. അവധി ദിനങ്ങള്‍ വരുന്നതിനാല്‍ മൂന്ന് ദിവസത്തേക്ക് വലിയ തരത്തില്‍ ജനങ്ങള്‍ കഷ്ടപ്പെടില്ലെങ്കിലും തുടര്‍ന്നള്ള ദിവസങ്ങളില്‍ ദുരിതം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം യാത്രക്കാര്‍ കുറവായ ട്രിപ്പുകള്‍ കെ.എസ്.ആര്‍.ടി.സി. ഒഴിവാക്കാനാണ് സാധ്യത. ഇതോടെ എം.എല്‍.എമാര്‍ ശുപാര്‍ശ ചെയ്ത സര്‍വീസുകളുള്‍പ്പെടെ തടസപ്പെടും. അതിനിടെ ഷെഡ്യൂള്‍ വെട്ടിക്കുറക്കുന്നത് മലയോരത്തെയാണ് ഏറെ ബാധിക്കുക. കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് മലയോരത്തേക്കുള്ള രണ്ട് പ്രധാന ഷെഡ്യൂളുകളാണ് ഒഴിവാക്കിയത്. പാണത്തൂര്‍, കൊന്നക്കാട് എന്നിവിടങ്ങളിലേക്കുള്ള ഷെഡ്യൂളാണ് ഒഴിവായത്. കാസര്‍കോട്ടേക്കുള്ള ഷെഡ്യൂളും ഒഴിവാക്കിയിട്ടുണ്ട്.