മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വോട്ടെടുപ്പിന് ഇനി രണ്ടാഴ്ചമാത്രം ബാക്കി. പ്രചാരണച്ചൂട് തിളച്ചുമറിയുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ മഞ്ചേശ്വരത്ത് എത്തും. അതിനിടെ യു.ഡി.എഫിന്റെ പടയോട്ടത്തിന് മഞ്ചേശ്വരത്ത് ക്യാമ്പ് ചെയ്ത് നേതൃത്വം നല്‍കാന്‍ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എത്തി. ശനിയാഴ്ച രാത്രി കാസര്‍കോട്ടെത്തിയ ഉടന്‍ അദ്ദേഹം ജില്ലാ നേതാക്കളുമായി തിരക്കിട്ട ചര്‍ച്ചകളും ആരംഭിച്ചു. വ്യവസായി ഖാദര്‍ തെരുവത്തിന്റെ വീട്ടിലായിരുന്നു ചര്‍ച്ച. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറി പി.എം. മുനീര്‍ ഹാജി, ദേശീയ സമിതി അംഗം എന്‍.എ. അബൂബക്കര്‍ ഹാജി അടക്കമുള്ള നേതാക്കളുമായി കുഞ്ഞാലിക്കുട്ടി ഏറെ നേരം ചര്‍ച്ച നടത്തി. പി.ബി. അബ്ദുല്‍ റസാഖിന്റെ മകന്‍ ഷഫീഖ്, മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.എം. ബഷീര്‍, ജില്ലാ മുസ്ലിം ലീഗ് പൊളിറ്റിക്കല്‍ സ്‌കൂള്‍ കണ്‍വീനര്‍ കെ.എം. അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. രണ്ടു ദിവസം മഞ്ചേശ്വരത്ത് തങ്ങി മുസ്ലിംലീഗിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് പി.കെ.കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കും. കുഞ്ഞാലിക്കുട്ടി ഒരു തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കുന്നത് ഇത് ആദ്യമാണെന്നും എല്ലാ പഴുതുകളും അടച്ച് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കുകയാണ് ലക്ഷ്യമെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ 12നും മന്ത്രിമാരായ എ.സി. മൊയ്തീന്‍, കെ.കെ. ശൈലജ ടീച്ചര്‍ എന്നിവര്‍ 14നും കോടിയേരി ബാലകൃഷ്ണന്‍ 15നും മഞ്ചേശ്വരത്തെത്തും. ബി.ജെ.പി. നേതാക്കളും എന്‍.ഡി.എ. മുന്നണി നേതാക്കളും ശനിയാഴ്ച കൂട്ടത്തോടെ മഞ്ചേശ്വരത്ത് ഉണ്ടായിരുന്നു.