ബദിയടുക്ക: കോഴിയങ്കത്തിന് നേതൃത്വം കൊടുത്ത ആറ്‌പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാഡൂര്‍ പുത്തിഗെ പുഴക്കരയില്‍ നെയ്‌മൊഗര്‍ എന്ന സ്ഥലത്താണ് കോഴിയങ്കം നടന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ വിവരമറിഞ്ഞെത്തിയ ബദിയടുക്ക പൊലീസ് കോഴിയങ്കം പിടികൂടുകയായിരുന്നു.
കുഞ്ചത്തൂര്‍ കുച്ചിക്കാട്ടെ ഉമേഷ് ഷെട്ടി (42), അംഗഡിമുഗറിലെ സചീന്ദ്ര (30), ഷേണി ബെല്‍പ്പത്തടുക്കയിലെ ധനേഷ് (40), കിദൂരിലെ നാഗേഷ് (45), അംഗഡിമുഗറിലെ ജോര്‍ജ് ക്രാസ്റ്റ (50), ബാഡൂര്‍ ദേലംപാടിയിലെ വിട്ടല്‍ റൈ (40) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആറ് അങ്കകോഴികളെ കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതികളില്‍ നിന്ന് 5470 രൂപയും പിടിച്ചെടുത്തു. മഹാനവമിയും വിജയദശമിയും അവധി ദിവസങ്ങളായതിനാല്‍ പോരു കോഴികളെ നാളെ മാത്രമേ കോടതിയില്‍ ഹാജരാക്കാന്‍ കഴിയുകയുള്ളൂ. പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുന്ന കോഴികളുടെ നിര്‍ത്താത്ത കൂവല്‍ കാരണം പൊലീസുകാര്‍ പൊറുതി മുട്ടിയിരിക്കുകയാണ്.