കാസര്‍കോട്: ശബരിമല വിഷയത്തില്‍ ആചാര സംരക്ഷണത്തിനൊപ്പമാണെന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈയുടെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അംഗീകരിക്കുന്നുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. പാര്‍ട്ടി നിലപാട് മറിച്ചാണെങ്കില്‍ സ്ഥാനാര്‍ത്ഥിയെ പുറത്താക്കാന്‍ സി.പി.എം. തയ്യാറാണോ എന്നും അദ്ദേഹം ആരാഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ശബരിമല വിഷയത്തില്‍ യു.ഡി.എഫിന് വ്യക്തമായ ഒരു നിലപാടുണ്ട്. ആചാര, വിശ്വാസ സംരക്ഷണമാണത്. 2021ല്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ യുവതി പ്രവേശനം തടഞ്ഞുകൊണ്ടുള്ള നിയമ നിര്‍മ്മാണം നടത്തും. ശബരിമല പ്രശ്‌നം സുവര്‍ണ്ണാവസരമായി കണ്ടത് ബി.ജെ.പിയാണ്. അതിന് വിത്തും വളവും കൊടുക്കുന്ന നിലപാട് എല്‍.ഡി.എഫ്. സ്വീകരിച്ചു. അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണി ഭരണത്തിന്റെ വിലയിരുത്തലാവും. അഞ്ചിടത്തും യു.ഡി.എഫ്. വിജയം സുനിശ്ചിതമാണ്. മഞ്ചേശ്വരത്ത് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം. മഞ്ചേശ്വരം കാശ്മീര്‍ ആകാന്‍ പോകുന്നുവെന്ന ബി.ജെ.പി. കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് നളിന്‍കുമാര്‍ കട്ടീല്‍ എം.പിയുടെ പ്രസ്താവന ഗൗരവമായി കാണണം. കട്ടീല്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം-ചെന്നിത്തല പറഞ്ഞു. പെരിയ ഇരട്ട കൊലക്കേസ് സി.ബി.ഐക്ക് വിട്ട വിധിക്കെതിരെ അപ്പീല്‍ പോയി വലിയ അഭിഭാഷകരെ കൊണ്ടുവന്ന് സംസ്ഥാന ഖജനാവ് കാലിയാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങേണ്ടെന്നും ചെന്നിത്തല പറഞ്ഞു. തന്റെ ഫോണ്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.