കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സീനിയര്‍ ഉപാധ്യക്ഷനും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കേസന്വേഷണം സി.ബി.ഐയുടെ ഉന്നത തലത്തിലുള്ള പുതിയ ടീമിനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടു ഖാസി കുടുംബവും ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനടുത്ത ഒപ്പുമരച്ചോട്ടില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10ന് ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം ഒരു വര്‍ഷം പിന്നിടുകയാണ്.
മത-സാംസ്‌കാരിക-രാഷ്ടീയ രംഗങ്ങളിലെ നിരവധി നേതാക്കളും പൊതു പ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനാ നേതാക്കളും സാധാരണക്കാരും അടക്കം ഒട്ടനവധി പേര്‍ ഇതിനകം സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയുണ്ടായി.
സമരം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത് പ്രമാണിച്ചു ഒക്ടോബര്‍ 9, 10 തിയ്യതികളില്‍ രാപ്പകല്‍ സമരം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 9ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയുടെ സമാപന സമ്മേളനം 10ന് രാവിലെ 9 മണിക്ക് നടക്കും. ഉദ്ഘാടന സെഷന്‍ മുന്‍ മന്ത്രി സി.ടി. അഹ്മദലി ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡണ്ടും കേന്ദ്ര മുശാവറ മെമ്പറുമായ ത്വാഖാ അഹമദ് മൗലവി അല്‍ അസ്ഹരി, ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. സുരേന്ദ്രനാഥ്, കേന്ദ്ര മുശാവറ അംഗങ്ങളായ നിലേശ്വരം മഹമൂദ് മുസ്ലിയാര്‍, തൊട്ടി മാഹിന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ മുഹമ്മദ് ഷാഫി സി.എ, സിദ്ദീഖ് നദ്‌വി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ സഅദി, യൂസുഫ് ഉദുമ സംബന്ധിച്ചു.