കാഞ്ഞങ്ങാട്: ഡ്രൈവറോടുള്ള പ്രണയം മൂത്ത് ബസില്‍ യുവതി നടത്തിയ പരാക്രമം യാത്രക്കാരെ അമ്പരപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട സ്വകാര്യബസിലാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന യുവതി ഈ ബസിലെ സ്ഥിരം യാത്രക്കാരിയാണ്. യുവതിക്ക് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. കാഞ്ഞങ്ങാടിനടുത്ത ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി ജോലിസ്ഥലത്തേക്ക് പോകുന്നതും തിരിച്ച് നാട്ടിലേക്ക് മടങ്ങുന്നതും ഇതേ ബസില്‍ തന്നെ. ദിവസേനയുള്ള യാത്രക്കിടെ സുന്ദരനും സുമുഖനുമായ ബസ് ഡ്രൈവറെ യുവതി വല്ലാതെ ഇഷ്ടപ്പെടാന്‍ തുടങ്ങി. ഡ്രൈവറോട് വിശേഷങ്ങള്‍ ചോദിക്കുന്നതിനിടയില്‍ ശൃംഗാര ഭാവാദികളോടെ പ്രണയചേഷ്ടകളും കണ്ണിറുക്കലും യുവതി പതിവാക്കി. എന്നാല്‍ യുവതിയോട് താത്പര്യമൊന്നുമില്ലാത്ത ഡ്രൈവര്‍ പലപ്പോഴും അവഗണിക്കുകയും നീരസം പ്രകടിപ്പിക്കുകയും ചെയ്യും. യുവതിയാകട്ടെ വിടാന്‍ ഭാവമില്ലാതെ ഡ്രൈവറോട് കൊഞ്ചിക്കുഴഞ്ഞുകൊണ്ടുള്ള പ്രകടനത്തിന് ശക്തികൂട്ടുകയും ചെയ്തു.
ഡ്രൈവര്‍ക്ക് തന്നെ കാണാനുള്ള സൗകര്യത്തിനായി ആ ഭാഗത്തെ എതിര്‍സീറ്റിലിരുന്നാണ് യുവതിയുടെ യാത്ര. പതിവുപോലെ കഴിഞ്ഞ ദിവസവും യുവതി ബസില്‍ കയറിയപ്പോള്‍ താന്‍ ഇരിക്കുന്ന സീറ്റ് കുറച്ചുസ്ത്രീകള്‍ കയ്യടക്കിവെച്ചിരിക്കുന്നതുകണ്ടു. അവരും ബസിലെ സ്ഥിരം യാത്രക്കാരാണ്. യാതോരു ഉളുപ്പുമില്ലാതെ പ്രണയചേഷ്ടകള്‍ കാണിച്ച് യാത്രക്കാര്‍ക്കിടയില്‍ പരിഹാസ്യയായി മാറിയ യുവതിക്ക് ഒരുപണികൊടുക്കണമെന്ന് നിശ്ചയിച്ചാണ് സ്ത്രീകളുടെ ഇരുത്തം. ബസിലെ മറ്റ് സീറ്റുകളില്‍ ചിലത് ഒഴിഞ്ഞുകിടക്കുന്നതുകണ്ടിട്ടും അവിടേക്ക് പോകാതെ തനിക്ക് ഇവിടെ തന്നെ ഇരിക്കണമെന്ന് യുവതി വാശി പിടിച്ചു. ഈ സീറ്റ് ആരുടെയും കുത്തകയല്ലെന്നും നിനക്ക് വേണമെങ്കില്‍ മറ്റേതെങ്കിലും സീറ്റിലിരിക്കാമെന്നുമായിരുന്നു സഹയാത്രക്കാരികളുടെ മറുപടി. നടുവിന് അല്‍പ്പം പ്രശ്‌നമുള്ളതിനാല്‍ അല്‍പ്പം പൊങ്ങിനില്‍ക്കുന്ന സീറ്റിലേ തനിക്കിരിക്കാന്‍ കഴിയുകയുള്ളൂവെന്ന് യുവതി പറഞ്ഞുനോക്കിയെങ്കിലും രക്ഷയുണ്ടായില്ല. ഇതോടെ യുവതി ഞാന്‍ ഇവിടെത്തന്നെയിരിക്കുമെന്ന് പറഞ്ഞ് യാത്രക്കാരികളെ ഉന്തിമാറ്റാന്‍ നോക്കുകയും ഇടപെടണമെന്ന് ഡ്രൈവറോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ഡ്രൈവറാകട്ടെ ഇതൊന്നും ഗൗനിച്ചതുമില്ല. ക്ഷുഭിതരായ യാത്രക്കാരികള്‍ പ്രണയപരവശയായ യുവതിയെ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടു. പിറകെ വന്ന മറ്റൊരു ബസിലായിരുന്നു ഗത്യന്തരമില്ലാതെ യുവതിയുടെ യാത്ര.