കാസര്‍കോട്: നവരാത്രി ആഘോഷത്തിന്റെ സമാപന ദിവസമായ ഇന്ന് ക്ഷേത്രങ്ങളില്‍ അഭൂതപൂര്‍വ്വമായ തിരക്ക്. കാസര്‍കോട് ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളില്‍ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി വിദ്യാരംഭചടങ്ങില്‍ പങ്കെടുക്കാന്‍ നൂറ് കണക്കിന് കുരുന്നുകളാണ് രക്ഷിതാക്കളോടൊപ്പം എത്തിയത്. ക്ഷേത്രാങ്കണങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലുകളിലും മറ്റുമായി കുട്ടികളെ എഴുത്തിനിരുത്തി. കൊല്ലൂര്‍ മൂകാംബികക്ഷേത്രത്തില്‍ ആദ്യാക്ഷരം നുകരാന്‍ കാസര്‍കോട് ജില്ലയില്‍ നിന്നടക്കം നിരവധി കുടുംബങ്ങളാണ് ഇന്ന് കുട്ടികളെയും കൊണ്ട് എത്തിചേര്‍ന്നത്. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളില്‍ അതിരാവിലെ മുതല്‍ തന്നെ വിശ്വാസികളുടെ വന്‍തിരക്കാണ്. മധൂര്‍, മല്ലം, കൊറക്കോട് ക്ഷേത്രങ്ങളിലും, കാഞ്ഞങ്ങാട്ടെ മാരിയമ്മന്‍ കോവിലിലും, ചട്ടഞ്ചാല്‍, തൈരക്ഷേത്രങ്ങളിലും എഴുത്തിനിരുത്താനെത്തിയ കുട്ടികളുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.