പയ്യന്നൂര്‍: അമേരിക്കയിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നല്‍കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ മുന്‍ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വാട്ടര്‍ അതോറിറ്റി ജീവനക്കാരനായ ഇടുക്കി നെടുങ്കണ്ടം തൂക്കുപാലം ജമീല മന്‍സിലിലെ അബ്ദുല്‍ കെ. നാസറിനെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചെറുപുഴ തയ്യേനി പാലപ്പറമ്പില്‍ ഹൗസില്‍ ലിബിന്‍ മാത്യുവിന്റെ പരാതിയിലാണ് നാസറിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. അമേരിക്കന്‍ വിസ വാഗ്ദാനം ചെയ്ത് അബ്ദുല്‍ നാസര്‍ ലിബിന്‍ അടക്കമുള്ളവരില്‍ നിന്ന് അറുപതുലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. രണ്ടുവര്‍ഷം മുമ്പാണ് ലിബിന്‍ വിസക്കായി പണം കൈമാറിയിരുന്നത്. ബംഗളൂരുവിലെ നൂറിലധികം നഴ്‌സുമാരില്‍ നിന്നും ഇയാള്‍ ഈ രീതിയില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പൊലീസിന് വിവരം ലഭിച്ചു.