കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് നേതാക്കളുടെ വായ്ത്താരിയായിരുന്നു ട്വന്റി – 20. പാര്‍ലമെന്റില്‍ ഇരുപത് സീറ്റില്‍ ഇരുപത് കിട്ടുമെന്ന് വിവക്ഷ. ഫലം വന്നപ്പോള്‍ ഇരുപതില്‍ ഇരുപത് കിട്ടിയില്ലെങ്കിലും പത്തൊമ്പത് കിട്ടി. തികച്ചും അഭിമാനാര്‍ഹമായ വിജയം. ഇത്തവണ ആറു അസംബ്ലി സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്‍കൂര്‍ പ്രഖ്യാപിച്ചു. സിക്‌സര്‍. കളിക്കളത്തില്‍ നിലംതൊടാതെ പന്ത് ബൗണ്ടറി രേഖ കടത്തുന്നതാണ് സിക്‌സര്‍. അടിക്കുന്ന കളിക്കാരനും അയാളുള്‍പ്പെടുന്ന ടീമിനും ആറ് റണ്‍സ് ലഭിക്കും. വരാനിരിക്കുന്ന തിരഞ്ഞടുപ്പില്‍ ആറില്‍ ആറും ജയിക്കുമെന്നായിരുന്നു വിവക്ഷ. ഉപതിരഞ്ഞെടുപ്പ് കാത്തിരുന്ന ആറ് നിയമസഭാ മണ്ഡലങ്ങളില്‍ പാലായിലെ ബലാബലം കഴിഞ്ഞു. ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ പിണറായി യു.ഡി.എഫിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. അമ്പത്തിനാല് വര്‍ഷം കേരള കോണ്‍ഗ്രസ്സിന്റെ കുത്തകയായിരുന്ന പാലായില്‍ ഇടതുപക്ഷം ജയിച്ചു. ഉപതിരഞ്ഞെടുപ്പില്‍ ഇനി സിക്‌സര്‍ അസാധ്യം. ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത് ഒരു ബൗണ്ടറിയെങ്കിലും അടിക്കുമോയെന്നാണ്. അതായത് ബാക്കിയുള്ള അഞ്ച് ഉപതിരഞ്ഞെടുപ്പില്‍ നാലെണ്ണമെങ്കിലും ജയിക്കുമോ?
പാലായിലെ മാണി സി. കാപ്പന്റെ വിജയത്തിന് പിന്നില്‍ ഒരു പാട് കാരണങ്ങളുണ്ട്. കേരള കോണ്‍ഗ്രസ്സിലെ ചക്കാളിത്തിപ്പോരാണ് പരാജയത്തിന്റെ ഏകകാരണമെന്ന കോണ്‍ഗ്രസ്സിന്റെ വിലയിരുത്തല്‍ വെറും ഉപരിപ്ലവമായ അപഗ്രഥനമാണ്. കേരള കോണ്‍ഗ്രസ്സിലെ ആഭ്യന്തരപ്രശ്‌നത്തിന്നപ്പുറം മാണി സി.കാപ്പന്റെ വിജയത്തെ സ്വീധിനിച്ച നിരവധി കാരണങ്ങളില്‍ ചിലത്. കെ.എം. മാണിയുടെ ഭൂരിപക്ഷം തന്നെ പാലായില്‍ പടിപടിയായി കീഴ്‌പ്പോട്ടായിരുന്നു. 2016 ല്‍ ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെയായിരുന്നു. ഒരുപക്ഷേ, പി.സി.ജോര്‍ജ്ജ് ഇടതുമുന്നണി സഖ്യത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ പാലായില്‍ കെ.എം.മാണിയുടെ വിജയം ത്രാസിലാകുമായിരുന്നു. ഇടതുമുന്നണിയുടെ വളരെ നേരത്തെയുള്ള തന്ത്രപരമായ ചിട്ടയോടെയുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിജയത്തില്‍ പങ്ക് വഹിച്ചു. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലും തോറ്റ മാണി സി. കാപ്പനോട് വോട്ടര്‍മാരില്‍ ചിലര്‍ക്കു തോന്നിയ സഹതാപം. കെ.എം. മാണി കഴിഞ്ഞാല്‍ ഏറ്റവും ആദരിക്കപ്പെടുന്ന കേരള കോണ്‍ഗ്രസ്സ് നേതാവായ പി.ജെ. ജോസഫിനെ കൂകിയും ചീത്ത വിളിച്ചും പരസ്യമായി അപമാനിച്ചത്. പി.ജെ.യുടെ ഭാര്യയുടെ കുടുംബ വീട് പാലായില്‍ ആണ്. പിന്നെ തിരഞ്ഞെടുപ്പ് സമയത്തുള്ള മാണി സി. കാപ്പന്റെ സമീപനത്തിലെ പക്വതയും വിനയവും. കെ.എം.മാണിയെ സ്തുതിച്ചുകൊണ്ട് ആരംഭിക്കുകയും അദ്ദേഹത്തിന്റെ അഭാവത്തില്‍ തനിക്കൊരവസരം തരണമെന്ന വീനീതമായ അപേക്ഷയില്‍ അവസാനിക്കുന്നതുമായ പ്രസംഗം വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്.
ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കാനുള്ളത് അഞ്ചു മണ്ഡലങ്ങളിലാണ്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം. ഇതില്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും മഞ്ചേശ്വരത്തും പ്രവചനം അസാധ്യം. വട്ടിയൂര്‍കാവിലും മഞ്ചേശ്വത്തും മൂന്നു മുന്നണികള്‍ക്കും വിജയസാധ്യതയുണ്ട്. കോന്നിയില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. എറണാകുളം യു.ഡി.എഫ് ജയിക്കാനാണ് സാധ്യത. അരൂരില്‍ ഇടതുപക്ഷവും.
വട്ടിയൂര്‍ കാവില്‍ കഴിഞ്ഞ തവണ കെ.മുരളിധരന്‍ മത്സരിച്ചതുകൊണ്ടാണ് യു.ഡി.എഫ് അനായാസം ജയിച്ചത്. ഒരു എം.എല്‍.എ എന്ന നിലയില്‍ മുരളീധരന്‍ സ്വന്തം മണ്ഡലത്തില്‍ വളരെ സജീവമായി ഇടപെട്ടിരുന്നു. ആര്‍ക്കും എപ്പോഴും കാണാന്‍ പറ്റുന്ന ജനപ്രതിനിധിയാരുന്നു മുരളീധരന്‍.
മത്സരാര്‍ത്ഥിയുടെ ജാതിയും മതവും പരിഗണിക്കപ്പെടുന്ന മണ്ഡലമാണ് ശാസ്തമംഗലം. ആഢ്യനായ ഒരു നായര്‍ സ്ഥാനാര്‍ത്ഥിക്ക് ഗ്രേസ് മാര്‍ക്ക് കിട്ടുന്ന മണ്ഡലം. ഈ ഘടകവും മുരളിയെ സഹായിച്ചിട്ടുണ്ട്. മുരളിയുടെ അഭാവത്തില്‍ യു.ഡി.എഫിന് വിജയം അത്ര എളുപ്പമല്ല. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ശക്തനാണ്. ജനകീയനാണ്. കുമ്മനം രാജശേഖരനുള്ള പൊതുസമ്മതിയും പൊതു സ്വീകാര്യതയും ബി.ജെ.പിയുടെ ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിക്കു ലഭിക്കുമോ? സംശയമുണ്ട്.
കോന്നിയില്‍ യു.ഡി.എഫിന് അത്ര അനുകൂലമല്ല കാറ്റിന്റെ ഗതി. ശബരിമലയും മോടിപ്പേടിയും പഴയപോലെ ശക്തമായ സ്വാധീനം ചെലുത്തില്ല. പിന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളയത്തില്‍ പട യു.ഡി.എഫിനെ ബാധിക്കാം. ബി.ജെ.പിയുടെ കെ. സുരേന്ദ്രന്‍ അത്ഭുതമൊന്നും സൃഷ്ടിക്കാനിടയില്ല.
അരൂരില്‍ കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്തിരുന്നു. മോടിപ്പേടിയുടെ പശ്ചാത്തലത്തില്‍ രൂപപ്പെട്ടുവന്ന പ്രത്യേക സാഹചര്യത്തില്‍ താത്കാലികമായി സംഭവിച്ച ഇലക്ഷന്‍ പ്രതിഭാസമാണത്. ഉപതെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനിടയില്ലാത്ത പ്രതിഭാസം. അരൂരില്‍ ഇടതുപക്ഷം ജയിക്കാനുള്ള നല്ല സാധ്യത കാണുന്നു. എറണാകുളം യു.ഡി.എഫ് ജയിക്കും. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ മുസ്ലിം ലീഗ് ജയിച്ചത് രണ്ടക്ക ഭൂരിപക്ഷത്തിനാണ്.
ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുസ്ലിംലീഗിനകത്ത് അതൃപ്തിയും പ്രതിഷേധവുമുണ്ട്. ചെര്‍ക്കളം അബ്ദുല്ലക്കെതിരെ 2006 ല്‍ കാണിച്ചതുപോലെ പ്രതിഷേധം എതിര്‍സ്ഥാനാര്‍ത്ഥിക്കു വോട്ടുചെയ്യുന്നതില്‍ പര്യവസാനിക്കുമോ? ബി.ജെ.പിയിലും സ്ഥാനാര്‍ത്ഥിയെപ്പറ്റിയുള്ള തര്‍ക്കമുണ്ട്. അത് ബി.ജെ.പിയുടെ ജയസാധ്യതയെ ബാധിക്കുമോ? ഇടതുപക്ഷം ശരിക്കും ഒരു പരീക്ഷണമാണ് നടത്തുന്നത്. ഭാഷാന്യൂനപക്ഷങ്ങളുടെ വോട്ട് സി.പി.എം സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാനുള്ള സാധ്യതയുണ്ട്. സ്ഥാനാര്‍ത്ഥി ആ വിഭാഗത്തില്‍ നിന്നായതിനാല്‍. പക്ഷേ സി.എച്ച്. കുഞ്ഞമ്പു സ്ഥാനാര്‍ത്ഥിയായിരുന്നുവെങ്കില്‍ കിട്ടുമായിരുന്ന മലയാളം സംസാരിക്കുന്നവരുടെ കുറെ വോട്ടുകള്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതിനാല്‍ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്.