കാസര്‍കോട്: വ്യാപാരിയുടെ കണ്ണില്‍ മുളക്‌പൊടി വിതറിയ ശേഷം മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മൊഗ്രാല്‍പുത്തൂര്‍ പഞ്ചത്ത് കുന്നിലിന് സമീപം താമസിക്കുന്ന ആസിഫി(25)നെയാണ് കാസര്‍കോട് എസ്.ഐ മെല്‍വിന്‍ ജോസ്, എ.എസ്.ഐ കെ.വി സതീഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തത്.
മംഗലാപുരത്ത് നിന്ന് സാധനങ്ങള്‍ എത്തിച്ച് കാസര്‍കോട് നഗരത്തിലടക്കം വില്‍പന നടത്തുന്ന മൊഗ്രാല്‍പുത്തൂര്‍ കൊട്ട്യ ഹൗസിലെ സതീഷന്റെ കണ്ണില്‍ മുളക് പൊടി വിതറി പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. മറ്റൊരു പ്രതിയെ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. മെയ് 27ന് പുലര്‍ച്ചെയാണ് സംഭവം.
വീട്ടില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുന്നതിനായി നടന്നുപോകുന്നതിനിടെ ഇടവഴിയില്‍ പതുങ്ങിയിരുന്ന രണ്ടുപേര്‍ കണ്ണില്‍ മുളക് പൊടി വിതറിയ ശേഷം പണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നുവെന്നാണ് പരാതി.