കാഞ്ഞങ്ങാട്: അയല്‍ പറമ്പില്‍ വീണ പാഷന്‍ ഫ്രൂട്ട് പെറുക്കുവാന്‍ പോയ ആദിവാസി ബാലനെ കഴുത്തിന് തുണി ചുറ്റിയതിനു ശേഷം മുഖത്ത് മുളക് പൊടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. ഉണങ്ങാനിട്ട അടി വസ്ത്രങ്ങള്‍ മോഷ്ടിച്ചുവെന്ന് പറഞ്ഞാണത്രെ മര്‍ദ്ദിച്ചത്. അട്ടേങ്ങാനം ചെന്തളത്തെ മാധവന്റെ മകനും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ വിശാലി (15)നോടാണ് ക്രൂരത കാട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയും ബി.എസ്.എന്‍.എല്‍ ജീവനക്കാരനമായ ഉമേശ (38)നെതിരെയാണ് കേസ്. സംഭവം ഒരുക്കിത്തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമം നടത്തിയിരുന്നു. ആദിവാസി സംഘടനാ നേതാക്കള്‍ ശക്തമായ നിലപാടെടുത്തതോടെയാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം ഉമേശന്റെ വീട്ടുമുറ്റത്ത് വെച്ചാണ് സംഭവം. പറമ്പില്‍ വീണ പാഷന്‍ ഫ്രൂട്ട് പെറുക്കാന്‍ പോയി മടങ്ങുമ്പോഴാണ് മര്‍ദ്ദനം. വസ്ത്രങ്ങള്‍ മോഷ്ടിക്കുമോയെന്ന് ചോദിച്ചാണ് മര്‍ദ്ദിച്ചതെന്ന് വിശാല്‍ പറഞ്ഞു. ചെവിക്കും കണ്ണിനും പരിക്കേറ്റ വിശാലിനെ പൂടംകല്ല് സി.എച്ച്.സി യില്‍ പ്രവേശിപ്പിച്ചു.