കാസര്‍കോട്: പൊട്ടിയ പൈപ്പ് നന്നാക്കാന്‍ ഇനിയും നടപടിയായില്ല. കുടിവെള്ളം പാഴാകുന്നത് നിത്യകാഴ്ച തന്നെ. വെള്ളം കിട്ടാതെ ദുരിതത്തിലായിരിക്കുകയാണ് ഹൊന്നമൂല നിവാസികള്‍. വാട്ടര്‍ അതോറിറ്റിയുടെ വെള്ളം മാത്രം ആശ്രയിച്ചുകഴിയുന്ന നിരവധി കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇത്തരം കുടുംബങ്ങള്‍ വെള്ളമില്ലാതെ തീര്‍ത്തും ദുരിതമനുഭവിക്കുകയാണ്.
ദ്രവിച്ച പൈപ്പുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് നിരവധി തവണ ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ മാറ്റി സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി തയ്യാറായിട്ടില്ല. ഇതിനിടെ പൈപ്പ് നന്നാക്കാതെ റോഡ് കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തു. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയതോടെ റോഡും തകര്‍ന്നു. വന്‍ ഗര്‍ത്തമാണ് റോഡില്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. ദിനംപ്രതി നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡ് തീര്‍ത്തും ഗതാഗതയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്. റോഡുമില്ല, വെള്ളവുമില്ല എന്ന സ്ഥിതിയിലാണ് ഹൊന്നമൂല നിവാസികളിപ്പോള്‍. വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.