കാസര്‍കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച ദിശാബോര്‍ഡുകളില്‍ അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ പ്രയാസം. തെരുവ് വിളക്കിന്റെ ഉയരത്തില്‍ സ്ഥാപിച്ച ദിശാബോര്‍ഡുകളില്‍ അക്ഷരങ്ങള്‍ വളരെ ചെറുതാണ്. വാഹനം തൊട്ടടുത്ത് നിര്‍ത്തിയാല്‍ പോലും വായിച്ചെടുക്കാന്‍ പ്രയാസമാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള സൂചനയാണ് ദിശാബോര്‍ഡിലൂടെ നല്‍കുന്നത്. അക്ഷരങ്ങള്‍ ചെറുതായതിനാല്‍ വായിക്കാന്‍ പ്രയാസം അനുഭപ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു.
അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ പ്രയാസമുള്ള ദിശാബോര്‍ഡ് സ്ഥാപിച്ച നഗരസഭാ അധികൃതര്‍ക്കെതിരെ ട്രോളര്‍മാര്‍ ആഞ്ഞുവീശി. ബൈനോകുലര്‍ പിടിച്ച് കാസര്‍കോട് ടൗണില്‍ ഇറങ്ങുന്നവരുടെയടക്കമുള്ള ട്രോളുകളാണ് ഇന്നലെ മുതല്‍ വൈറലായത്. പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ ദിശാബോര്‍ഡ് വലിയ അക്ഷരങ്ങളുമായി മാറ്റിസ്ഥാപിക്കാന്‍ നഗരസഭ നിര്‍ബന്ധിതരായേക്കും.