കാസര്‍കോട് നഗരസഭാ പ്രദേശത്തും മധൂരിലും മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളിലും കിണറുകളിലും കുഴല്‍ കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉള്ളതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ജനശക്തി അഭിയാന്റെ നേതൃത്വത്തില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ മൊഗ്രാല്‍പുത്തൂര്‍ കടവത്ത്, മൊഗര്‍, പടിഞ്ഞാര്‍ പ്രദേശങ്ങളില്‍ സര്‍വ്വേ നടത്തി പരിശോധനയ്ക്ക് നല്‍കിയ സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിലെ വെള്ളത്തിന്റെ ഉപയോഗം മൂലം മഞ്ഞപ്പിത്തം, കോളറ, വയറിളക്കം തുടങ്ങിയവ ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മധൂര്‍ പഞ്ചായത്തില്‍ കാസര്‍കോട് നഗരസഭയോട് അടുത്ത ചൂരി, തൈവളപ്പ്, മന്നിപ്പാടി പ്രദേശങ്ങളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ 53 പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടിയിരുന്നു.
പലയിടങ്ങളിലും ശുചിമുറികളില്‍ നിന്നുള്ള പൈപ്പുകള്‍ തോടുകളിലേക്ക് ബന്ധപ്പെടുത്തിയാണ് സ്ഥാപിച്ചിട്ടുള്ളത് എന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ മാലിന്യങ്ങള്‍ ഒഴുകുന്ന തോടായി ചൂരിത്തോട് മാറിയിട്ടുണ്ട് എന്നാണ് അധികൃതര്‍ കണ്ടെത്തിയിട്ടുള്ളത്. കാസര്‍കോട് നഗരസഭ പ്രദേശമായ ചാലയിലും ഏതാനും മാസം മുമ്പ് മഞ്ഞപ്പിത്ത രോഗം പടര്‍ന്നു പിടിച്ചിരുന്നു.
പൊതുജനാരോഗ്യ വകുപ്പ് അധികൃതര്‍ തന്നെയാണ് ഇത് തടയാന്‍ മുന്നിട്ടിറങ്ങേണ്ടത്. കിണറുകളിലും ജലാശയങ്ങളിലും ക്ലോറിനേഷന്‍ നടത്തിയാല്‍ ഒരു പരിധിവരെ കോളിഫോം ബാക്ടീരിയയെ നശിപ്പിക്കാനാവും. ജലജന്യരോഗങ്ങള്‍ ആണ് പല ഭാഗങ്ങളിലും പടര്‍ന്നുപിടിക്കുന്നത്. കാസര്‍കോട് ഗവണ്‍മെന്റ് ആയുര്‍വേദ ആസ്പത്രിയിലെ കിണറുകളിലും കോളിഫോം ബാക്ടീരിയ കണ്ടെത്തിയിരുന്നു. സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയ ഭാഗങ്ങളില്‍ കോളിഫോം സാന്നിധ്യം കുറഞ്ഞിട്ടുണ്ട്. കുടിക്കാനുള്ള വെള്ളം തിളപ്പിച്ചത് മാത്രമേ ഉപയോഗിക്കാവൂ. വെള്ളം ഫില്‍ട്ടര്‍ ചെയ്ത് ഉപയോഗിക്കുക. വ്യക്തി പരിസരശുചീകരണം ഉറപ്പു വരുത്താനും കഴിയണം. ജലജന്യരോഗങ്ങള്‍ എളുപ്പത്തിലാണ് പടരുന്നത്. കുടിവെള്ളം മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കാനും അധികൃതര്‍ക്ക് കഴിയണം. കുട്ടികളെയാണ് രോഗം എളുപ്പത്തില്‍ പിടികൂടുന്നത്. കരുതലോടെ ഇരുന്നാല്‍ രോഗം പടരുന്നത് ഒഴിവാക്കാനാവും.