കാസര്‍കോട്: ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത തുറന്നു കാട്ടിക്കൊണ്ട് മാങ്ങാട് കുണ്ട്രേന്‍ ഹസൈനാര്‍ കുടുംബ സംഗമം നടത്തി. അതിഞ്ഞാല്‍, പടന്ന, മാങ്ങാട്, പാണത്തൂര്‍ എന്നീ പ്രദേശങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന കുടുംബാംഗങ്ങളാണ് സംഗമത്തില്‍ ഒത്തുചേര്‍ന്നത്. ആറ് തലമുറകളടങ്ങുന്ന നാല്‍പതിലധികം കുടുംബങ്ങളും അവരുടെ മക്കളും പേരമക്കളും ഒരു പന്തലില്‍ ഒരുമിച്ചു. കീഴൂര്‍-മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. എം.എച്ച്. മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ അഡ്വ. എം.കെ. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. അഡ്വ. സി.കെ. ശ്രീധരന്‍, ഡോ. ഖാദര്‍ മാങ്ങാട്, കല്ലട്ര മാഹിന്‍ ഹാജി, കെ.ഇ.എ. ബക്കര്‍, ഹനീഫ പാണലം, കല്ലട്ര അബ്ബാസ്, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി. ഫൗസിയ, വാര്‍ഡ് മെമ്പര്‍ കമലാക്ഷി, ഖത്തീബ് ഖാലിദ് ഫൈസി, വി.കെ.ടി. ഇസ്മായില്‍, ഹസൈനാര്‍ മാങ്ങാട് പ്രസംഗിച്ചു. കുടുംബാംഗങ്ങള്‍ തമ്മില്‍ പരിചയപ്പെടലും ശേഷം നടന്ന കുടുംബത്തിലെ മുതിര്‍ന്നവരെ ആദരിക്കല്‍ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാകായിക മത്സരങ്ങള്‍ നടന്നു. വിജയികള്‍ക്ക് ബേക്കല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ നാരായണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമാപന സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കെ.വി. കുഞ്ഞിരാമന്‍, ടി.ഡി. കബീര്‍, ബാലകൃഷ്ണന്‍ പെരിയ, വിനോദ്കുമാര്‍ പള്ളയില്‍വീട് സംസാരിച്ചു.