കാസര്‍കോട്: ഇടതുമുന്നണി മുങ്ങുന്ന കപ്പലാണെന്നും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും ഇടതുപക്ഷം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്ക് കേരളത്തില്‍ മെമ്പര്‍ഷിപ്പ് കൂടിയിട്ടില്ലെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. എന്നാല്‍ പുതുതായി പത്ത് ലക്ഷത്തിലധികം മെമ്പര്‍മാര്‍ ബി.ജെ.പിക്കുണ്ട്. കൂടുതല്‍ മെമ്പര്‍ഷിപ്പുള്ള മണ്ഡലങ്ങളിലൊന്ന് മഞ്ചേശ്വരമാണ്. മഞ്ചേശ്വരത്ത് ബി.ജെ.പിയുടെ വിജയം സുനിശ്ചിതമാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നേതാക്കളാണ് സി.പി.എമ്മിലുള്ളത്. സി.പി.ഐ ആണെങ്കില്‍ വോട്ടുശതമാനത്തില്‍ നോട്ടക്കും താഴെയാണ്. മഞ്ചേശ്വരത്ത് ചിലന്തിയോട് കൂട്ടുകൂടുന്ന അവസ്ഥയാണ് യു.ഡി.എഫിനും എല്‍.ഡി.എഫിനുമുള്ളത്. പരസ്പരം കൊന്നുതിന്നും. ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് എന്നും ഒരേ നിലപാടാണ്. സി.പി.എമ്മും കോണ്‍ഗ്രസുമാണ് നിലപാടുകളില്‍ മലക്കം മറിയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു.