കാസര്‍കോട്: സി.പി.ഐ മുങ്ങുന്ന കപ്പലാണെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് പി.എസ്. ശ്രീധരന്‍ പിള്ള, അത് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് സി.പി.ഐ. നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം.
ബുധനാഴ്ച ഉച്ചയ്ക്ക്് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വെച്ചാണ് സംഭവം. മീറ്റ് ദി പ്രസ് കഴിഞ്ഞ് ശ്രീധരന്‍ പിള്ള ഇറങ്ങുമ്പോഴേക്കും വാര്‍ത്താസമ്മേളനത്തിനായി ബിനോയ് വിശ്വം എത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച സി.പി.എം. റിപ്പോര്‍ട്ട് ശ്രീധരന്‍പിള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് കാണിക്കുകയായിരുന്നു. ഇതിനിടയില്‍ ഹാളിലേക്ക് കയറി വന്ന ബിനോയ് വിശ്വം എന്താണ് കാര്യമെന്ന് തിരക്കുകയും ഇരുവരും പരസ്പരം ഹസ്തദാനം ചെയ്യുകയുമായിരുന്നു. ശ്രീധരന്‍പിള്ള തന്റെ പക്കലുള്ള രേഖയെ കുറിച്ച് ബിനോയ് വിശ്വസത്തോട് വിശദീകരിക്കാന്‍ ശ്രമിക്കവെ, ഇദ്ദേഹം സി.പി.എം അല്ല സി.പി.ഐ ആണെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഇടപെട്ട് പറഞ്ഞു. അപ്പോഴാണ്, സി.പി.ഐ ആണേലും മുങ്ങുന്ന കപ്പലല്ലേ എന്ന് ശ്രീധരന്‍ പിള്ള പ്രതികരിച്ചത്. ബിനോയ്ക്കാണെങ്കില്‍ ഇതു പിടിച്ചില്ല. അത് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് അദ്ദേഹം തിരിച്ചടിച്ചു. പള്ളിയിലല്ലേ, അമ്പലത്തില്‍ പോയി പറയാന്‍ പറഞ്ഞില്ലല്ലോ എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞ് ഗൗരവം കുറക്കുകയും ഇരുവരും പരസ്പര സ്‌നേഹം പങ്കുവെച്ച് പിരിയുകയും ചെയ്തു.