കാഞ്ഞങ്ങാട്: ബസ് യാത്രക്കിടെ യുവതിയുടെ ശരീരത്തില്‍ തലോടിയ കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ മലപ്പുറത്ത് കുടുങ്ങി. കൊല്ലം കുണ്ടറ സ്വദേശിയും കാഞ്ഞങ്ങാട് സബ് രജിസ്ട്രാറുമായ പി ജോയിയെയാണ് മലപ്പുറം കാരാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. അവധിക്ക് കൊല്ലത്തേക്ക് പോയ ജോയി ഇവിടെ നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള സ്വകാര്യബസില്‍ തിരിച്ചുവരികയായിരുന്നു. ബസിലെ മുന്‍ഭാഗം സീറ്റിലായിരുന്നു ജോയി ഇരുന്നിരുന്നത്. തൊട്ടടുത്ത സീറ്റില്‍ ഒരു യുവതിയും ഇരുന്നു. ബസ് തൃശൂരിലെത്തിയപ്പോള്‍ ജോയി യുവതിയുടെ ശരീരത്തില്‍ ലൈംഗികതാത്പര്യത്തോടെ തലോടുകയും അശ്ലീല കമന്റ് പാസാക്കുകയും ചെയ്തുവെന്നാണ് പരാതി. ബസ് എടപ്പാളിലെത്തിയപ്പോള്‍ അവിടെയിറങ്ങിയ യുവതി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് ബസിനെ പിന്തുടരുകയും കാടാമ്പുഴ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു. ബസ് കാടാമ്പുഴയിലെത്തിയപ്പോള്‍ എസ്.ഐ സുധീറിന്റെ നേതൃത്വത്തില്‍ ബസ് തടയുകയും ജോയിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പിന്നീട് യുവതിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പരാതി രേഖാമൂലം എഴുതിവാങ്ങുകയും ജോയിക്കെതിരെ കേസെടുക്കുകയും ചെയ്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് കോടതിയില്‍ ഹാജരാക്കി. വൈകിട്ടോടെ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തതിന് ഇന്ത്യന്‍ ശിക്ഷാനിയമം 354 എ വകുപ്പുപ്രകാരമാണ് ജോയിക്കെതിരെ കേസെടുത്തത്. ഇത് ജാമ്യമില്ലാകുറ്റമാണ്.