മനുഷ്യനും അവന്റെ പ്രവര്‍ത്തനങ്ങളും എന്നും നിഗൂഢമായിരുന്നു. ആദി പിതാവായ ആദം സന്തതിയില്‍ നിന്നു തന്നെ ആരംഭിച്ചതാണ് ഈ നിഗൂഢത. കാലമെത്ര മാറിയാലും ഡി.എന്‍.എ എത്ര മാറി മറിഞ്ഞാലും മനുഷ്യന്റെ ആത്യന്തികമായ ജനിതകങ്ങളെല്ലാം തന്നെ ആദമിലും ആബേലിലും കാബേലിലും മറ്റുമാണ് ചെന്നു മുട്ടുക. അതു കൊണ്ടു തന്നെ ഈ നിഗൂഢാത്മകതയില്‍ നിന്നും രഹസ്യങ്ങളില്‍ നിന്നും കിരാതത്വങ്ങളില്‍ നിന്നും മാനവന് നൂറുശതമാനം മാറി നില്‍ക്കാനാവില്ല ഒരിക്കലും.
മനുഷ്യന്റെ മനോവ്യാപാരങ്ങളും അവന്റെ പ്രവര്‍ത്തന പദ്ധതികളും മുന്‍കൂട്ടി കാണാന്‍ മറ്റൊരു മനുഷ്യനും സാധ്യമല്ല. ഒരാണിന്റേയോ പെണ്ണിന്റേയോ ഉള്ളില്‍ എത്രമാത്രം നീചനായ പിശാചായിരുന്നു കുടികൊണ്ടിരുന്നതെന്ന് പലപ്പോഴും മറ്റുള്ളവര്‍ അറിഞ്ഞ് സ്തംഭിച്ചു നില്‍ക്കുന്നത് ആ പിശാച് ഒരു നാള്‍ പുറത്തു വലിച്ചിടപ്പെടുമ്പോള്‍ മാത്രമാണ്. അതുപോലെ തന്നെയാണ് ഒരാളുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന നന്മയുടെയും ആര്‍ദ്രതയുടേയും കാര്യവും. നിഷ്ഠുര(ന്‍) എന്നു നാം കരുതിപ്പോന്നിരുന്നവരില്‍ നിന്നും സഹജീവി സ്‌നേഹത്തിന്റെ നീരുറവ പൊട്ടിയൊഴുകുന്നതു കാണുമ്പോഴും നാം പലപ്പോഴും അത്ഭുതപ്പെട്ടു നിന്നു പോകാറുണ്ട് എന്നതാണ് വാസ്തവം.
ഓരോ ഹൃദയങ്ങളിലുമുണ്ട് പൈശാചികവും നൈര്‍മല്യവുമായ ഈ ദ്വന്ദ്വം. വാര്‍ത്തകള്‍ കേള്‍ക്കുകയും അവിശ്വസനീയത നടിക്കുകയും ചെയ്യുന്ന നാമോരോരുത്തരിലും ഈ ദ്വന്ദ്വ വ്യക്തിത്വമുണ്ട്. ഏറിയും കുറഞ്ഞും.
സൃഷ്ടികളില്‍ വച്ച് ഏറ്റവും ക്രൂരനും നിന്ദ്യനും മനുഷ്യന്‍ തന്നെ. ഏതു കാട്ടിലും മനുഷ്യനോളം പോന്ന ഒരു ഹിംസ്ര ജന്തുവുമില്ല. കാട്ടിലെ മൃഗങ്ങള്‍ താല്‍ക്കാലിക വിശപ്പടക്കാന്‍ വേണ്ടി മാത്രമാണ് മറ്റൊരു മൃഗത്തെ ഓടിച്ച് പിടികൂടുന്നത്. അപ്പോഴും ഒരു കൂട്ടത്തില്‍ നൂറ് മാനുകള്‍ ഉണ്ടെങ്കില്‍ ഉന്നം വച്ച ഒന്നിനെയല്ലാതെ ശേഷിച്ച 99 നേയും പോറല്‍ പോലും ഏല്‍പ്പിക്കാതെ വെറുതേ വിടുന്നത് നാം പല ചാനലുകളിലായി കാണുന്ന രംഗം. അതാണ് കാട്ടിലെ പ്രകൃതിദത്തമായ നീതി.
ഒരു കാരണവുമില്ലാതെ അല്ലെങ്കില്‍, നേരിട്ട് ഒരു ശത്രുതയുമില്ലാത്ത നൂറുകണക്കിന് സഹജീവികളെ മനുഷ്യന്‍ എന്ന ജന്തു നിത്യേന കൊന്നു തള്ളുന്നതും നാം എന്നും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വസ്തുതയും!
ഇതാണ് എല്ലാം തികഞ്ഞവനും വിശേഷബുദ്ധിയുള്ളവനും എന്നഹങ്കരിക്കുന്ന മനുഷ്യനും ഒരഹങ്കാരവുമില്ലാത്ത മൃഗവും തമ്മിലുള്ള വിടവ്. എന്നിട്ടും മനുഷ്യന്റെ ക്രൂരതയെ പലപ്പോഴും ‘മൃഗീയം’ എന്നാണ് നാം ഇരുകാലികള്‍ വിശേഷിപ്പിക്കാറുള്ളത്. സത്യത്തില്‍ പാവം മൃഗങ്ങളോട് മനുഷ്യന്‍ കാണിക്കുന്ന മറ്റൊരനീതിയാണ് ഈ വിശേഷണം.
മര്‍ത്യന്‍ അധികാരത്തിനു വേണ്ടിയും ധനത്തിനു വേണ്ടിയും ലൈംഗികതയ്ക്കു വേണ്ടിയും വിശ്വാസ സംരക്ഷണയ്ക്കു വേണ്ടിയും എന്നു വേണ്ട, ഏതു താല്‍ക്കാലിക നേട്ടത്തിനു വേണ്ടിയും ഏറ്റവുമടുത്ത ആളുകളെപ്പോലും നിഷ്‌കരുണം കൊന്നു തള്ളും. മൃഗങ്ങള്‍ക്ക് അങ്ങനെയൊരു വാസനയേ ഇല്ല.
പിശാച് വാഴുന്ന ഒരേയൊരു ജന്തു മനുഷ്യനാകയാല്‍ ഈ ഭൂമിയിലെ വിശ്വസിക്കാന്‍ പറ്റാത്ത ഏക ജന്തുവും മനുഷ്യനാണെന്നു പറയാം. ഭൂമിയില്‍ കപടമായി അഭിനയിക്കാന്‍ കഴിയുന്ന ഏക ജന്തുവും മര്‍ത്യന്‍ തന്നെ. ഇവിടെ ഓരോ വ്യക്തിയും ഓരോ മികച്ച അഭിനേതാക്കളാണ്. കൊച്ചു കുട്ടികള്‍ ഒഴികെ. അഭിനേതാക്കള്‍ക്കിടയിലെ ജീവിതം അവരേയും പിന്നീട് അഭിനേതാക്കളാക്കി മാറ്റുന്നു.
ഒന്നിച്ച് ഒരേ ശയ്യയില്‍ ശയിക്കുന്ന ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയിലും പരസ്പരം തിരിച്ചറിയാത്ത അഭിനയമുണ്ട്. ‘ഇരുമെയ്യാണെങ്കിലും ഒരു മനം’ എന്നത് നാം സൃഷ്ടിച്ച കപട സങ്കല്‍പവും പൊള്ളയായ വിശേഷണവും മാത്രമാണ്. യാഥാര്‍ത്ഥ്യവുമായി അതിന് ഒരു ഇഴയടുപ്പവുമില്ല. മനസ്സുകൊണ്ട് ഓരോരുത്തരും അവരവരുടേതായ ധ്രുവങ്ങളിലും തുരുത്തുകളിലുമാണ്. അപ്പോള്‍ ജീവിതം, പരസ്പരവിശ്വാസം എന്നെല്ലാമുള്ളത് കേവലമായ ‘നീക്കുപോക്ക് ‘അഥവാ, അഡ്ജസ്റ്റ്‌മെന്റുകള്‍ മാത്രമാണ്. പരസ്പരം ഒളിപ്പിച്ചു വച്ചിട്ടുള്ള ഹൃദയങ്ങളിലേയും പുറത്തേയും ആയുധങ്ങള്‍ നമ്മളിലാര്‍ക്കും ഒരിക്കലും കണ്ടെത്താനാവില്ല; അവയ്ക്ക് സ്വയം ഇരയായിത്തീരുമ്പോഴല്ലാതെ.അവിടെ, തന്നേക്കാള്‍ വലിയ അഭിനേതാവ് അഭിനേത്രിയായിരുന്നു തന്റെ പങ്കാളിയെന്ന കാര്യം തിരിച്ചറിഞ്ഞ് ഇര ഞെട്ടുന്നു.
ഒരാളുടെ കൈയില്‍ നിന്നും നാം ഒരു ഗ്ലാസ് പാനീയമോ ഒരു പ്ലേറ്റ് ഭക്ഷണമോ വാങ്ങി കഴിക്കുമ്പോള്‍ അതു തരുന്നയാളെ നാം സാധാരണ ഗതിയില്‍ സംശയിക്കില്ല. കാരണം, അപ്രകാരം സംശയിക്കാന്‍ തുടങ്ങിയാല്‍ പിന്നെ മനുഷ്യന് ഇവിടെ സമൂഹജീവിയായി ജീവിക്കുക ദുഷ്‌കരമായിരിക്കും. അതുകൊണ്ട്, പരസ്പരം വിശ്വാസമാണെന്ന ഒരു ധാരണ നാം ഉണ്ടാക്കി വച്ചിരിക്കുന്നു. എന്നാല്‍, ആ ധാരണയുടെ ചൂഷണഫലമായിട്ടാണ് ഇന്ന് നമുക്കു ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന പല ഹീനകൃത്യങ്ങളും അരങ്ങേറുന്നത്. കൂട്ടുകാരനോ കൂട്ടുകാരിയോ ജീവിത പങ്കാളിയോ പേയജലത്തിനും അന്നത്തിനും പകരമായി വിഷം നല്‍കില്ല എന്ന വിശ്വാസത്തിന്റെ ലംഘനം. അതെ, വിശ്വാസവഞ്ചന എന്നത് മര്‍ത്യന്റെ ഏറ്റവും സവിശേഷമായ ഗുണമോ ദുര്‍ഗുണമോ ആയി മാറുന്ന ഒരു ചുറ്റുപാടിലാണ് നാമോരോരുത്തരുടേയും ജീവിതം ഇപ്പോള്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്.
താമരശ്ശേരിയിലെ ജോളി എന്ന സ്ത്രീയും നമ്മുടെ ഇതേ ചുറ്റുപാടില്‍ നമുക്കൊപ്പം തന്നെ ജീവിച്ചവളാണ്. മറ്റു പല കുടില മനസ്സുകളിലേയും കാളകൂടം പോലെ ഇവളുടെ ഉള്ളിലെ കൊടും വിഷവും ആര്‍ക്കും കാണാന്‍ പറ്റിയില്ല. ഒരമ്മായിയമ്മ,ഒരമ്മായിയപ്പന്‍, ഒരു ഭര്‍ത്താവ് അങ്ങനെ വിശ്വസിക്കേണ്ടവരെല്ലാം അവളെ വിശ്വസിച്ചിരുന്നു. ആ വിശ്വാസമെന്ന പവിത്രതയെ അവള്‍ മുതലെടുത്തു. അത്ര മാത്രം. അവള്‍ക്ക് തന്റെ അടങ്ങാത്ത ധനാര്‍ത്തിയും അഗമ്യമായ ലൈംഗിക തൃഷ്ണയും നിവര്‍ത്തിച്ചെടുക്കുവാന്‍ തടസ്സമായിരുന്നവരെയെല്ലാം ഒന്നൊന്നായും കൃത്യമായ ആസൂത്രണത്തോടെയും ഈ വിശ്വാസമെന്ന പിടിവള്ളിയിലൂടെ പിടിച്ചു കയറി സാധിച്ചു.
ഇതിനു മുമ്പും അവള്‍ക്കു വേണ്ടുവോളം മാതൃകകള്‍ ഈ ഭൂമിയില്‍ ഉണ്ടായിട്ടുണ്ട്. ഒന്നും അവള്‍ സ്വയം രചിച്ച തിരക്കഥയായിരുന്നില്ല. ഇതിനു മുമ്പ് നമുക്കിടയില്‍ത്തന്നെ ഉണ്ടായിരുന്ന പലരും എഴുതി രംഗത്ത് അവതരിപ്പിച്ച് പഠിപ്പിച്ചിരുന്ന പഴയ തിരക്കഥ തന്നെയാണ് അവള്‍ നടപ്പിലാക്കിയത്. അവള്‍ അതിനായി രംഗസജ്ജീകരണം നടത്തിയതും നടീനടന്‍മാരെ തെരഞ്ഞെടുത്തതും ആരും അറിഞ്ഞില്ലെന്നു മാത്രം. അതു തന്നെയാണ് കുറിപ്പിന്റെ ആരംഭത്തില്‍ സൂചിപ്പിച്ച നിഗൂഢ സ്വഭാവം, മനുഷ്യന്റെ.
പത്തും പതിനഞ്ചും വര്‍ഷം ഒരു കുറ്റകൃത്യത്തെ മറച്ചുവയ്ക്കാനാവുക, ഈ കാലയളവിനിടയിലെല്ലാം ഒരേ തരം ക്രൈം ഇടവിട്ടിടവിട്ട് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുക എന്നതും മനുഷ്യന് എത്രമാത്രം നിഗൂഢന(യാ)കാനും മികച്ച അഭിനേതാ(ത്രി)വാകാനും കഴിയുന്നുണ്ട് വര്‍ത്തമാനകാലത്തില്‍ എന്നതിന്റെ ജീവിക്കുന്ന തെളിവാണ്. അവസാനം ഒരുനാള്‍ പിടിക്കപ്പെടുന്നത് പക്ഷേ, പ്രകൃതിയുടെ കാവ്യനീതിയും.