ചെമ്പരിക്ക: ചെമ്പരിക്ക കടുക്കക്കല്ല് പ്രദേശത്തെ മുഴുവന്‍ അനധികൃത ഷെഡ്ഡുകളും നീക്കം ചെയ്യാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇന്ന് രാവിലെ ചെമ്പരിക്കയിലെത്തി പ്രദേശം പരിശോധിച്ച ശേഷമാണ് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ബാബു കളനാട് വില്ലേജ് ഓഫീസര്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്. കടുക്കക്കല്ലിന് സമീപം കല്ലുമ്മക്കായ അടക്കമുള്ള വിഭവങ്ങള്‍ വില്‍ക്കുന്ന ഷെഡ്ഡുകള്‍ ഏറെയുണ്ട്. കല്ലുമ്മക്കായ കഴിക്കാനായി ദിവസവും ഇവിടെ നിരവധി പേര്‍ എത്താറുണ്ട്.
ടൂറിസം വികസനത്തിന്റെ ഭാഗമായി പ്രദേശം സംരക്ഷിക്കുകയും കൂടുതല്‍ സൗന്ദരാത്മകമായി സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. അനധികൃത കടകള്‍ പൊളിച്ചുമാറ്റി പുതിയവ സ്ഥാപിച്ച് വാടകക്ക് നല്‍കാനുള്ള ആലോചനയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ട്. എന്നാല്‍ നിര്‍ധന കുടുംബങ്ങള്‍ നടത്തുന്ന പെട്ടിക്കടകള്‍ പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.