ഉദുമ: മരണപ്പെടുന്ന വ്യാപാരി അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് 5ലക്ഷം രൂപ വരെ സഹായം ലഭിക്കുന്ന ബെനിഫിറ്റ് സ്‌കീമില്‍ മുഴുവന്‍ വ്യാപാരികളും അംഗങ്ങളാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് പറഞ്ഞു. കോട്ടിക്കുളം യൂണിറ്റിലെ മരണപ്പെട്ട അംഗങ്ങളായ വി.വി. ഗംഗാധരന്‍, അബ്ദുല്ലകുഞ്ഞി എന്നിവരുടെ കുടുംബങ്ങള്‍ക്കുള്ള സ്‌കീമിന്റെ സഹായ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കുന്ന് വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡണ്ട് ഗംഗാധരന്‍ പള്ളം അധ്യക്ഷത വഹിച്ചു. പുതുതായി ചുമതലയേറ്റ ജില്ലാ ഭാരവാഹികളായ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ്, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ സെക്രട്ടറിമാരായ ശിഹാബുദ്ദീന്‍ ചോയംകോട്, സുബൈര്‍ കാഞ്ഞങ്ങാട്, ഹരിഹരസുതന്‍ ഉദുമ എന്നിവര്‍ക്കുള്ള സ്വീകരണവും ചടങ്ങില്‍ നടന്നു. യൂണിറ്റ് സെക്രട്ടറി എം.എസ്. ജംഷിദ് സ്വാഗതവും ട്രഷറര്‍ ചന്ദ്രന്‍ കരിപ്പോടി നന്ദിയും പറഞ്ഞു.