മഞ്ചേശ്വരം: മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗസംഘം ഗള്‍ഫുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. മിയാപ്പദവ് പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപത്തെ മുഹമ്മദ് ഫൈസലി(29)നാണ് വെട്ടേറ്റത്. മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെ മിയാപ്പദവ് പെട്രോള്‍പമ്പിന് സമീപത്ത് വെച്ചാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ മുഖംമൂടി സംഘം ഫൈസനിനെ തടഞ്ഞ് നിര്‍ത്തുകയും കഴുത്തിന് വെട്ടാന്‍ ശ്രമിക്കുകയുമായിരുന്നുവത്രെ. തടയാന്‍ ശ്രമിച്ചപ്പോള്‍ കൈക്കും സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ കാലിനും വെട്ടേറ്റിട്ടുണ്ട്. ഫൈസലിന്റെ നിലവിളി കേട്ട് പരിസരവാസികളെത്തുമ്പോഴേക്കും സംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഒരു മാസം മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. പഴയകാല എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണ് ഫൈസല്‍. സംഭവമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുന്നു.