കാസര്‍കോട്: കാറില്‍ കഞ്ചാവും ചരസും കടത്തിയ കേസിലെ മുഖ്യപ്രതിയെ കോടതി അഞ്ചുവര്‍ഷം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മംഗല്‍പ്പാടി കുക്കാര്‍ സ്‌കൂളിന് സമീപം താമസിക്കുന്ന കെ.എ അബ്ദുല്‍ ഹമീദ് എന്ന ടിപ്പര്‍ ഹമീദിനെ(38)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(മൂന്ന്) കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. ഇന്ന് രാവിലെ ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു. ഈ കേസിലെ രണ്ടാംപ്രതിയായ കുഡ്‌ലു ഏരിയായിലെ എം അഹമ്മദ് കബീര്‍(33) നിരന്തരം നോട്ടീസയച്ചിട്ടും വിചാരണവേളയില്‍ കോടതിയില്‍ ഹാജരായില്ല. ഇതേ തുടര്‍ന്ന് അഹമ്മദ് കബീറിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2014 മെയ് 31ന് രാത്രി കുക്കാര്‍ സ്‌കൂളിന് സമീപം വാഹനപരിശോധന നടത്തുകയായിരുന്ന അന്നത്തെ കുമ്പള എസ്.ഐ എം.പി. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് 1.130 കിലോഗ്രാം കഞ്ചാവും 250 ഗ്രാം ചരസും 5550 രൂപയും കണ്ടെത്തിയത്. വിചാരണവേളയില്‍ ഒന്നാംപ്രതി അബ്ദുല്‍ഹമീദ് കൃത്യമായി ഹാജരായെങ്കിലും അഹമ്മദ് കബീര്‍ മുങ്ങുകയായിരുന്നു. കബീറിന്റെ കേസ് കോടതി പിന്നീട് പരിഗണിക്കും. കുമ്പള സി.ഐയായിരുന്ന കെ.പി സുരേഷ് ബാബുവാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബാലകൃഷ്ണന്‍ ഹാജരായി.