കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി.ഖമറുദ്ദീന് യാതൊരു വെല്ലുവിളിയും ഇല്ലെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫ് നേടിയ ഭുരിപക്ഷം ഈ തിരഞ്ഞെടുപ്പില്‍ നിലനിര്‍ത്തുമെന്നും മുസ്ലീം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. ഗസ്റ്റ് ഹൗസില്‍ ഉത്തരദേശത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തില്‍ മുന്‍ എം.എല്‍.എ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫിന് അനുകുലമാവും. അദ്ദേഹം മഞ്ചേശ്വരം താലൂക്ക്, തുറമുഖം എന്നിവ കൊണ്ടുവന്നു. യു.ഡി.എഫിന് ആശങ്കയില്ല. പാലായിലെ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ഒദ്യോഗിക ചിഹ്നം പോലും ഉണ്ടായില്ല. ഏകോപനം ഇല്ലായ്മയാണ് പരാജയത്തിന് കാരണം- കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയപാതയുടെ വികസനം നടക്കുന്നില്ല. കാസര്‍കോട് തലപ്പാടി റൂട്ടില്‍ പോകുമ്പോള്‍ തന്നെ ദുരിതം മനസിലാവുന്നുണ്ട്. ദേശീയ തലത്തില്‍ ബി.ജെ.പി ആള്‍ക്കുട്ട ആക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ ഇതിനെ തടയേണ്ട പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒന്നും മിണ്ടുന്നില്ല. കാശ്മീരിലെ സംഭവങ്ങളും ദേശീയ പൗരത്വ നിയമവും ബി.ജെ.പിക്ക് തിരിച്ചടിയാവും. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ ബി.ജെ.പി തകരും. അവരുടെ നയങ്ങള്‍ തന്നെ അവര്‍ക്ക് തിരിച്ചടിയാവും. മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. അബൂബക്കര്‍ ഒപ്പമുണ്ടായിരുന്നു.