കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി പടന്നക്കര വണ്ണത്താംവീട്ടില്‍ സൗമ്യ (28)
ജീവനൊടുക്കിയ സംഭവത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥ സംഭവിച്ചതായി അന്വേഷണറിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ വനിതാജയില്‍ സൂപ്രണ്ട് ടി ശകുന്തള, അസി. സൂപ്രണ്ട് സി.സി രമ എന്നിവരെ ജയില്‍ ഡി.ജി.പി സസ്‌പെണ്ട് ചെയ്തു.മാതാപിതാക്കളെയും കുട്ടികളെയും വിഷംകൊടുത്തുകൊന്ന കേസില്‍ അറസ്റ്റിലായ സൗമ്യയെ റിമാണ്ടില്‍ കഴിയുന്നതിനിടെ 2018 ആഗസ്ത് 24ന് രാവിലെയാണ് ജയില്‍ വളപ്പിലെ കശുമാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ജയില്‍ സൂപ്രണ്ട് ശകുന്തള ഡ്യൂട്ടി കഴിഞ്ഞ് പോയിരുന്നു. അസി. സൂപ്രണ്ട് ജോലിക്കെത്തിയിരുന്നില്ല. അച്ചടക്കലംഘനം, കൃത്യവിലോപം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ നടപടിയുണ്ടായത്. സംഭവം നടന്ന് എട്ടുമാസത്തിന് ശേഷമാണ് നടപടി. നേരത്തെ അസി. പ്രിസണ്‍ ഓഫീസര്‍മാരായ ഷോജ നാലകത്തുവയല്‍, ജീനാപനയന്‍, ടി.കെ മിനി എന്നിവരെ സസ്‌പെന്റ് ചെയ്തിരുന്നു.