കാസര്‍കോട്: വിദ്യാനഗര്‍ പന്നിപ്പാറയില്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് 20 ദിവസം മുമ്പ് കാണാതായ കൊല്ലം സ്വദേശിനിയെ കൊന്ന് പുഴയില്‍ തള്ളിയതായി ഭര്‍ത്താവിന്റെ മൊഴി. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ തെക്കില്‍ പുഴയില്‍ തിരച്ചിലാരംഭിച്ചു. മുങ്ങല്‍ വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ട്.
പന്നിപ്പാറയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവന്ന കൊല്ലം സ്വദേശിനി പ്രമീള(35)യെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഭാര്യയെ കാണാതായതായി കാട്ടി ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ സെല്‍ജോ അന്ന് തന്നെ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് സെല്‍ജോയുടെ മൊഴിയിലുള്ള വൈരുദ്ധ്യം പൊലീസില്‍ സംശയം ജനിപ്പിച്ചത്. തുടര്‍ന്ന് സെല്‍ജോയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രമീളയെ കൊന്ന് തെക്കില്‍പുഴയില്‍ കല്ലില്‍കെട്ടി താഴ്ത്തിയതായി മൊഴി നല്‍കിയത്. തുടര്‍ന്ന് ഇന്ന് രാവിലെ ആറ് മണി മുതല്‍ കാസര്‍കോട് സി.ഐ. സി.എ അബ്ദുല്‍ റഹിം, വിദ്യാനഗര്‍ സി.ഐ. വി.വി മനോജ്, എസ്.ഐ. എ. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടങ്ങി. സെല്‍ജോ തളിപ്പറമ്പ് സ്വദേശിയാണ്. പത്ത് വര്‍ഷം മുമ്പാണ് ഇവര്‍ കാസര്‍കോട്ടെത്തിയത്. രണ്ട് കുട്ടികളുണ്ട്. പ്രമീള സ്വീപ്പറായി ജോലി ചെയ്തുവരികയായിരുന്നു. അതേ സമയം സെല്‍ജോയുടെ മൊഴിയുടെ വിശ്വാസ്യതയെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.