കണ്ണൂര്‍: വ്യാഴാഴ്ച്ച വൈകിട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയവരെ എതിരേറ്റത് മൂളിപറന്ന് ഇരമ്പിയാര്‍ക്കുന്ന തേനീച്ചകള്‍. തേനീച്ചകളുടെ ആക്രമത്തില്‍ നിന്ന് രക്ഷനേടാന്‍ യാത്രക്കാര്‍ വിരണ്ടോടി. ഓട്ടത്തിനിടയില്‍ ഒരു കുട്ടിയടക്കം അഞ്ച് യാത്രക്കാര്‍ക്ക് പിന്തുടര്‍ന്നെത്തിയ തേനീച്ചകളുടെ കുത്തേല്‍ക്കുകയും ചെയ്തു. മൂന്ന് മാസം മുമ്പ് തേനീച്ചകളുടെ ശല്യം കാരണം യാത്രക്കാര്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഈയിടെ പാര്‍ക്കിംഗ് ഏരിയയില്‍ യാത്രക്കാരന് തേനീച്ചയുടെ കുത്തേല്‍ക്കുകയും ചെയ്തു. കണ്ണൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ കെട്ടിടത്തിലാണ് പലഭാഗങ്ങളിലായി തേനിച്ച കൂടുകള്‍ ഉള്ളത്. ഇതേ കുറിച്ച് പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. കാസര്‍കോട് സ്വദേശികളടക്കം നിരവധിയാത്രക്കാരാണ് കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്നത്.