നീലേശ്വരം: മദ്യലഹരിയില്‍ നടുനിരത്തില്‍ പരാക്രമം നടത്തുന്നതിനിടെ കസ്റ്റഡിയിലായ മൂന്നുയുവതികളെയും പൊലീസ് വിട്ടയച്ചു. ഒരു വനിതാജനപ്രതിനിധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് യുവതികളെ വിട്ടയച്ചതെന്നാണ് ആരോപണം. വ്യാഴാഴ്ച വൈകിട്ട് മദ്യപിച്ച് ലക്കുകെട്ട നിലയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഉദുമ സ്വദേശിനികളായ മൂന്നുയുവതികള്‍ ബങ്കളം റോഡില്‍ തെറിച്ച് വീഴുകയായിരുന്നു. കാര്യമായി പരിക്കേല്‍ക്കാതിരുന്ന യുവതികള്‍ പാടുപെട്ട് എഴുന്നേറ്റ് കാല്‍ നിലത്തുറക്കാതെ ആടിനില്‍ക്കുന്നതിനിടെ സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടി. ചിലര്‍ യുവതികളോട് സ്ത്രീകള്‍ ഇങ്ങനെ മദ്യപിച്ച് പൊതുസ്ഥലത്ത് ഈ അവസ്ഥയില്‍ നില്‍ക്കുന്നത് മോശമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ആണുങ്ങള്‍ക്കു കുടിക്കാമെങ്കില്‍ സ്ത്രീകള്‍ക്കുമാകാം എന്നായിരുന്നു യുവതികളില്‍ ഒരാളുടെ മറുപടി. ഞങ്ങളുടെ പണം കൊണ്ട് മദ്യപിച്ചതിന് ആര്‍ക്കാ ഇത്ര നഷ്ടമെന്ന് പറഞ്ഞ മറ്റൊരു യുവതി വാചകം പൂര്‍ത്തിയാക്കാനാകാതെ ഛര്‍ദ്ദിച്ച് കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് പൊലീസും എത്തി. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച പൊലീസിനുനേരെ യുവതികള്‍ തട്ടിക്കയറുകയും സ്റ്റേഷനിലേക്ക് വരില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ഒടുവില്‍ വനിതാപൊലീസെത്തിയാണ് യുവതികളെ ബലപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേക്ക് പൊലീസ് വാഹനത്തില്‍ പോകുമ്പോള്‍ യുവതികള്‍ ബഹളം വെക്കുകയും വെല്ലുവിളി മുഴക്കുകയും ചെയ്തിരുന്നു. മദ്യപിച്ച് പൊതുജനശല്യമുണ്ടാക്കിയെന്ന പെറ്റിക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തുനിഞ്ഞെങ്കിലും ഒരു വനിതാജനപ്രതിനിധി സ്റ്റേഷനിലെത്തി കേസ് വേണ്ടെന്ന് വ്യക്തമാക്കി. സ്ത്രീകളെന്ന പരിഗണന നല്‍കണമെന്നും കേസായാല്‍ അവരുടെ ഭാവി അവതാളത്തിലാകുമെന്നും ജനപ്രതിനിധി പറഞ്ഞതോടെ യുവതികളെ പിന്നീട് വിട്ടയക്കുകയായിരുന്നു.