നീലേശ്വരം: മദ്യലഹരിയില്‍ ബൈക്കില്‍ കറങ്ങുകയായിരുന്ന മൂന്നുയുവതികള്‍ റോഡിലേക്ക് തെറിച്ചുവീണു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘത്തോട് യുവതികള്‍ തട്ടിക്കയറുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.3 മണിയോടെ ചോയ്യങ്കോട് കരിന്തളം സംസ്ഥാനപാതയില്‍ കരിന്തളം ബാങ്കിന് മുന്നിലാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്.
പൊലീസ് യുവതികളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. ബൈക്ക് ലോക്ക് ചെയ്ത് ഇവര്‍ താക്കോല്‍ കൈയ്യില്‍ പിടിച്ചു. പൊലീസ് വാഹനത്തിലേക്ക് കയറാന്‍ പോലും കഴിയാത്ത വിധം ആടി നിന്ന ഇവരെ പൊലീസുകാര്‍ ബലമായി വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും യുവതികള്‍ ബലംപിടിച്ച് നിന്നു. തങ്ങളെ കസ്റ്റഡിയിലെടുക്കണമെങ്കില്‍ വനിതാപൊലീസ് വരണമെന്ന് ഒരു യുവതി കുഴഞ്ഞ ശബ്ദത്തില്‍ പൊലീസിനോട് പറഞ്ഞു. ഇതിനിടയില്‍ യുവതികള്‍ പൊലീസിനോടും നാട്ടുകാരോടും തട്ടിക്കയറുകയും അസഭ്യപ്രയോഗം നടത്തുകയും ചെയ്തു. ഇതിനിടയില്‍ യുവതികളിലൊരാള്‍ ഛര്‍ദിച്ച് വശം കെട്ടത് പൊലീസിനെ കുഴക്കി, പിന്നീട് വനിതാ പൊലീസ് എത്തിയാണ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്ന മൂന്നുയുവതികളും ഉദുമ സ്വദേശിനികളാണ് .