മഞ്ചേശ്വരം: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഉജ്വലവിജയം നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഹൊസങ്കടിയില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷതയും വര്‍ഗീയതയും തമ്മിലാണ് ഇവിടെ ഏറ്റുമുട്ടുന്നതെന്നും 2006ലെ തിരഞ്ഞെടുപ്പുഫലം ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് തിരിച്ചറിഞ്ഞ് യു.ഡി.എഫും ബി.ജെ.പിയും വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് നേട്ടമുണ്ടാക്കാനുള്ള ഇരുകൂട്ടരുടെയും ശ്രമം മഞ്ചേശ്വരത്ത് വിലപോവില്ല. എം. ശങ്കര്‍റൈ മണ്ഡലത്തില്‍നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ്. ജനങ്ങള്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വീകാര്യത യു.ഡി.എഫിലും ബി.ജെ.പിയിലും ഒരുപോലെ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ടെന്നും ബി.ജെ.പി ജയിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രചരിപ്പിച്ചാണ് മുസ്ലീംലീഗും കോണ്‍ഗ്രസും വോട്ടുതേടുന്നതെന്നും ലീഗുമായി എല്‍.ഡി.എഫ് ധാരണയുണ്ടാക്കിയെന്ന് ബി.ജെ.പി. പ്രചരിപ്പിക്കുന്നത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണെന്നും കോടിയേരി പറഞ്ഞു.
ശബരിമല ഈ തിരഞ്ഞെടുപ്പില്‍ വിഷയമേയല്ല. മഞ്ചേശ്വരത്ത് ഇത് ചര്‍ച്ചയാക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ശ്രമിക്കുന്നത് വര്‍ഗീയ വേര്‍തിരിവുണ്ടാക്കി നേട്ടമുണ്ടാക്കാനാണെന്നും റിവ്യൂ ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി പുറപ്പെടുവിക്കുന്ന വിധി സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.