പഴയ കണ്ണിയാളങ്കര പള്ളിയുടെ മച്ചില്‍ കയറിയാണ് മുക്രി ബാങ്ക് കൊടുത്തിരുന്നത്. അന്ന് ബാങ്ക് കൊടുക്കാന്‍ കോളാമ്പി മൈക്കില്ല. ദ്വീപുകാരന്‍ അബ്ദുല്‍ കാദര്‍ മുസലിയാരായിരുന്നു ഇമാം. രണ്ട് പതിറ്റാണ്ടോളം ഇമാമായിരുന്ന അദ്ദേഹത്തിന്റെ പതിഞ്ഞ ശബ്ദം ഒരു നൊസ്റ്റാള്‍ജിയ പോലെ ഇന്നും കേള്‍ക്കുന്നു. അന്ന് ഇമാമിന് തലയിലോ നെഞ്ചിലോ ഘടിപ്പിക്കാന്‍ ഇന്ന് കാണുന്ന പണിത്തരമില്ല. ഒന്നോ രണ്ടോ വരി ആളുകളുണ്ടാവും ജമാഅത്ത് നിസ്‌കാരത്തിന്. ഇന്നും വലിയ വ്യത്യാസമില്ലെങ്കിലും ഖിയാമം നാള്‍ (അവസാന) അടുക്കുമ്പോള്‍ ഭൂമി ചമയുമെന്ന് പറഞ്ഞതിന്റെ ഭാഗമാവാം പള്ളികള്‍ മാത്രമല്ല ചമയുന്നത്. പള്ളിക്കകത്തെ ശബ്ദവും ചമയുന്നു! ചുമരുകളില്‍ മിനിമം രണ്ട് ശബ്ദപ്പെട്ടിക ളുണ്ടാവും. ഇമാം ജമാഅത്തിനായി നില്‍ക്കുമ്പോള്‍ കോളര്‍ മൈക്ക് എടുത്ത് തലയിലോ നെഞ്ചിലോ ഘടിപ്പിക്കും. ഇങ്ങിനെ ശബ്ദം കനപ്പിക്കുന്നവരില്‍ രണ്ട് തരക്കാറുണ്ട്. ചിലര്‍ ശബ്ദം അമിതമാവാതെ സൂക്ഷ്മത കാണിക്കും. മൈക്കിന്റെ ശബ്ദം ക്രമീകരിച്ചു എളിമയുള്ള ശബ്ദത്തില്‍ മ മീങ്ങളുടെ കാതുകളെ ശല്യപ്പെടുത്താതിരിക്കും. ശബ്ദ സൗന്ദര്യമുള്ള ഖിറാഅത്തിന് ഉടമയാണ് ഇമാമെങ്കില്‍ ശബ്ദം ഒരു കാട്ടരുവിയുടെ ഓളങ്ങള്‍ പോലെ കാതുകളില്‍ അനുഭവപ്പെടും. ചിലര്‍ വേറൊരു ലെവലാണ്. ശബ്ദത്തിന് നല്ല ഗുമ്മുണ്ടാവണം. എക്കോ വേണം. മൗമീങ്ങള്‍ക്ക് കേള്‍ക്കുന്നതിനുമപ്പുറം പള്ളിയുടെ നാല് ചുമരുകളും കടന്ന് ശബ്ദം അങ്ങാടികളിലേക്ക് ഒഴുകണം. നമസ്‌കാരത്തെ ശബ്ദം കൊണ്ട് ആ ഘോഷിക്കുന്നത് പോലെ തോന്നും. അതേ സമയം നമസ്‌കാരത്തില്‍ തനതായ ശബ്ദമല്ലാതെ മൈക്കിനോട് പൊരുത്തപ്പെടാത്തവരുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഈ വിഷയത്തില്‍ വ്യത്യസ്ഥ നിലപാടുണ്ട് എന്നത് നേരാണ്. മത നിലപാട് എന്തെന്നറിയാന്‍ കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ പരതിയാല്‍ കോളര്‍ മൈക്കിനെ കുറിച്ച് കാണാനിടയില്ലെന്ന് തോന്നുന്നു. കാരണം കോളര്‍ മൈക്ക് കണ്ടുപിടിച്ചിട്ട് അര നൂറ്റാണ്ട് പോലുമായിട്ടില്ല. പതിമൂന്നര നൂറ്റാണ്ട് കാലവും പള്ളികളില്‍ നിസ്‌കരിച്ചത് മൈക്കില്ലാതെയാണ്. മൈക്കിന്റെ അഭാവം നിസ്‌കാരത്തെ ബാധിച്ചെന്ന് പറയാനാവില്ല. എന്നാല്‍ മൈക്കിന്റെ വരവ് നിസ്‌കാരത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്ന് ചില പണ്ഡിതന്മാര്‍ പോലും ഉറക്കെപ്പറയാന്‍ തുടങ്ങിയിട്ടുണ്ട്. എന്ന് വെച്ച് ഇമാമിന്റെ മൈക്ക് ഉപയോഗത്തെ കണ്ണുമടച്ചു എതിര്‍ക്കുന്നതല്ല. നൂറു കണക്കിനാളുകള്‍ ഇമാമിന് പിറകിലുള്ളപ്പോള്‍ ശബ്ദം കേള്‍ക്കുന്നതില്‍ പ്രയാസമുണ്ടായാല്‍ മൈക്ക് ഒരു ആവശ്യമായി വരാം. പക്ഷേ നിശ്ശബ്ദമായ പള്ളിക്കകത്ത് ഇമാമിന് പിറകില്‍ ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങുന്ന ആളുകളുള്ളപ്പോഴും മൈക്ക് ഫര്‍ളാണ്. ഞാനിത് പറയുമ്പോള്‍ കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഇടപെടാന്‍ നീ യാരെന്ന് ചോദിച്ചു കൊണ്ട് എന്റെ നേരെ പാഞ്ഞടുക്കരുത്! സബൂറോടെ നൂറ്റാണ്ടുകളായി നിസ്‌കാരത്തില്‍ ശബ്ദം ഉപയോഗിക്കുന്നതിന്റെ അദബുകള്‍ എന്താണെന്ന് നിരീക്ഷിക്കുക? ഒരു നിയന്ത്രണ രേഖയുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന സൂക്ഷ്മതകള്‍ ആര്‍ക്കും കാണാനാവും. നിസ്‌കരിക്കുന്നയാള്‍ ഏറ്റവും ചെറിയ ശബ്ദമാണുപയോഗിക്കുന്നത്. ജമാഅത്തിലാണെങ്കില്‍ തൊട്ടരികിലെ ആളെ പോലും ശബ്ദം കേള്‍പ്പിച്ചു ശല്യപ്പെടുത്തുന്നില്ല. നിസ്‌കരിക്കുന്ന ആള്‍ക്കരികിലിരുന്ന് ശബ്ദത്തോടെയുള്ള ഖുര്‍ആന്‍ പാരായണം പോലും വിലക്കുന്നുണ്ട്. ഇമാം സലാം വീട്ടിയാല്‍ മസ്ബൂക്കായി നമസ്‌ക്കാരം തുടരുന്നവരുള്ളപ്പോള്‍ ഇമാമിന്റെ ദുആ പോലും ഹറാമാണ്. ഇതിനെല്ലാം പിന്നിലുള്ള ലോജിക് സിംപിളാണ്. നിസ്‌കരിക്കുന്നവരെ ശബ്ദം കൊണ്ട് ശല്യപ്പെടുത്തരുത്!
മനസ്സിന് ഇളക്കമുണ്ടാക്കുന്ന ഒരു വില്ലത്തരം ശബ്ദത്തിനുണ്ട്. ചിന്തയിലാണ്ടിരിക്കുമ്പോള്‍ അവിചാരിതമായി ശബ്ദം കേള്‍ക്കുമ്പോഴാണ് ചിന്തക്ക് ബ്രേക്ക് വീഴുന്നത്. ശബ്ദമുണ്ടാക്കാതെ മനസ്സ് കൊണ്ടാണ് നാം പത്രം വായിക്കുന്നത്. ഇതിനിടയില്‍ വേറൊരു ശബ്ദം അലമ്പുണ്ടാക്കുന്നു? കാരണം കേള്‍ക്കുന്നത് ചെവിയിലൂടെയാണെങ്കിലും ശബ്ദം സ്വാധീനിക്കുന്നത് മനസ്സിനെയാണ്. ചെവിയുടെ കനാല്‍ പോലുള്ള ആദ്യ ഭാഗത്തു കൂടി ശബ്ദം സഞ്ചരിച്ച് പാടപോലുള്ള കര്‍ണ്ണ പുടത്തില്‍ തട്ടി ശബ്ദ തരംഗങ്ങളുണ്ടാക്കുന്ന പ്രകമ്പനം (vibration) മൂന്ന് നേരിയ എല്ലുകളിലൂടെ കടന്ന് ചകിരിനാരു പോലുള്ള ഞരമ്പുകളിലൂടെ ശബ്ദത്തിന്റെ സിഗ്‌നലുകള്‍ തല ച്ചോറിലെത്തുമ്പോഴാണ് നാം കേള്‍ക്കുന്നത്. ഒരു പടക്കം പൊട്ടുമ്പോള്‍ അറിയാതെ ഞെട്ടിപ്പോവുന്നത് ഇതു കൊണ്ടാണ്. വാഹനത്തിന്റെ തുടര്‍ച്ചയായ ഹോണടി വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുന്നു. കാരണം മിതമല്ലാത്ത ശബ്ദത്തോട് മനസ്സ് പൊരുത്തപ്പെടില്ല. കേള്‍ക്കുന്ന ശബ്ദത്തിനും മനസ്സ് പിന്തുടരുന്ന ശബ്ദത്തിനും ഒരു പരിധിയുണ്ട്. ഇവിടെയാണ് നിസ്‌കാരത്തില്‍ ഇമാമിന്റെ ശബ്ദത്തിന്റെ അളവിന്റെ പ്രസക്തി?
പടച്ചവന് മുന്നിലാണെന്ന ഭയഭക്തിയുടെ ബോധ്യത്തില്‍ മനസ്സിനെ ഒരു പ്രത്യേക ദിശയില്‍ ഉറപ്പിച്ചു നിര്‍ത്തലാണല്ലൊ നമസ്‌കാരം! മനസ്സിനെ ഇങ്ങനെ പൂര്‍ണ്ണമായും ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ചു പിടിച്ചു നിര്‍ത്താന്‍ എളുപ്പമല്ല. മനുഷ്യ മനസ്സിനകത്ത് ഓരോ നിമിഷവും നൂറുക്കണക്കിന് ചിന്താ ശകലങ്ങള്‍ ചിത്രങ്ങളായി മിന്നി മറിയുമത്രെ! ഈ ചിന്തകളെ മനസ്സിന്റെ പടിക്ക് പുറത്തു നിര്‍ത്താന്‍ മൗമീങ്ങളെ സഹായിക്കാന്‍ ഇമാമിന്റെ ശബ്ദത്തിനാവും. മനസ്സിനെ തലോടുന്ന കുളിര്‍ കാറ്റായി അനുഭവപ്പെടണം! അല്ലാതെ കൊടുങ്കാറ്റു പോലെ വീശിയടിക്കരുത് മനസ്സിന്റെ ഏകാഗ്രത നഷ്ടപ്പെടാതിരിക്കാന്‍. അനാവശ്യ ചിന്തകള്‍ കടന്ന് വരാതിരിക്കാന്‍. അശ്രദ്ധരാവാതിരിക്കാന്‍! പറഞ്ഞു വന്നതിതാണ്: സൃഷ്ടാവിന് മുന്നില്‍ നില്‍ക്കുന്ന അടിമയുടെ ശബ്ദത്തിന്റെ ഭാഷ താഴ്മയും വിനയവും എളിമയും ഭയപ്പാടും കലര്‍ന്ന് കീഴടങ്ങലിന്റെതായി അനുഭവപ്പെടണം! ഞാനിത് പറയുമ്പോഴും മഹാനായ കര്‍മ്മ ശാസ്ത്ര പണ്ഡിതനായിരുന്ന ഇമാം ഷാഫി (റ)യുടെ വാക്കുകള്‍ സാന്ദര്‍ഭികമായി ഓര്‍ക്കുന്നു:
‘തെറ്റാനിടയുള്ള ശരിയായ അഭിപ്രായമാവാം എന്റെത്. അല്ലെങ്കില്‍ ശരിയാവാനിടയുള്ള തെറ്റായ അഭിപ്രായം!’
ശരി തെറ്റാവാം..തെറ്റ് ശരിയാവാം!