വിദ്യാനഗര്‍: യുവതിയെ കൊന്ന് പുഴയില്‍ തള്ളിയതായുള്ള ഭര്‍ത്താവിന്റെ മൊഴിയെ തുടര്‍ന്ന് തെക്കില്‍ പുഴയില്‍ ഇന്നും തിരച്ചില്‍ തുടരുന്നു. ഹിദായത്ത് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന കൊല്ലം ഇരവിപുരം സ്വദേശിനി പ്രമീള(31)ക്കായാണ് തിരച്ചില്‍. ഭര്‍ത്താവ് കണ്ണൂര്‍ ആലക്കോട് സ്വദേശി ഷെല്‍ജോ ജോസിനെ(34) വിദ്യാനഗര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഷെല്‍ജോയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബേവിഞ്ച പാലത്തിന് സമീപത്തെ പുഴയില്‍ ഇന്നലെ രാവിലെ മുതല്‍ പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തി വരുന്നത്. വിദ്യാനഗര്‍ സി.ഐ. വി.വി. മനോജ്, എസ്.ഐ. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ 20 നാണ് പ്രമീളയെ കാണാനില്ലെന്ന് കാട്ടി ഷെല്‍ജോ പൊലീസില്‍ പരാതി നല്‍കിയത്. ആരുടെയോ കൂടെ ഒളിച്ചോടിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. സംശയം തോന്നിയ പൊലീസ് ഷെല്‍ജോയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്. താമസ സ്ഥലത്തുവെച്ചുണ്ടായ അടിപിടിക്കിടെ പ്രമീളയെ കൊലപ്പെടുത്തിയെന്നും മൃതദേഹം ചാക്കിലാക്കി കൊണ്ടുവന്ന് ബേവിഞ്ച പാലത്തില്‍ നിന്ന് പുഴയിലേക്ക് കല്ലുകെട്ടി താഴ്ത്തിയെന്നുമാണ് ഷെല്‍ജോ നല്‍കിയ മൊഴി. എന്നാല്‍ ഷെല്‍ജോയുടെ പരസ്പര വിരുദ്ധമായ മൊഴി പൊലീസിനെ കുഴക്കിയിരിക്കുകയാണ്.