നീലേശ്വരം: മദ്യലഹരിയില്‍ പൊലീസിനോടും നാട്ടുകാരോടും തട്ടിക്കയറിയ കുടുംബശ്രീ ഭാരവാഹികള്‍ക്കെതിരെ ഒടുവില്‍ പൊലീസ് കേസെടുത്തു. ഉദുമ, പള്ളിക്കര പരിസരങ്ങളിലായി താമസിക്കുന്ന മുപ്പതിനും നാല്‍പ്പതിനുമിടയില്‍ പ്രായമുള്ള മൂന്നുയുവതികള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയെന്ന വകുപ്പുപ്രകാരമാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയശേഷം മദ്യലഹരിയില്‍ മൂന്നുയുവതികളും കറങ്ങുകയായിരുന്ന ഇരുചക്രവാഹനം കരിന്തളം ബാങ്ക് പരിസരത്ത് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതോടെ മൂന്നുയുവതികളും റോഡിലേക്ക് തെറിച്ചുവീണു. പാടുപെട്ട് എഴുന്നേറ്റ യുവതികള്‍ മദ്യാസക്തിയില്‍ ചുവടുറക്കാതെ ആടിനില്‍ക്കുന്നതിനിടെ ആളുകള്‍ ഓടിക്കൂടുകയും ഇവരെ ആസ്പത്രിയിലെത്തിക്കാന്‍ തുനിയുകയും ചെയ്തു. എന്നാല്‍ ആസ്പത്രിയില്‍ പോകാന്‍ വിസമ്മതിച്ച് യുവതികള്‍ ബഹളം വെക്കുന്നതിനിടെ പൊലീസും സ്ഥലത്തേത്തുകയായിരുന്നു. വാഹനം കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം തടഞ്ഞ യുവതികള്‍ പൊലീസിനോട് തട്ടിക്കയറുകയും ചെയ്തു. പിന്നീട് വനിതാ പൊലീസിന്റെ സഹായത്തോടെ യുവതികളെയും ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തെങ്കിലും ഒരുവനിതാജനപ്രതിനിധിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇവരെ കേസെടുക്കാതെ വിട്ടയച്ചു. പൊലീസിന്റെ ഈ നടപടി വിവാദമായതോടെ ഉന്നതപൊലീസുദ്യോഗസ്ഥര്‍ യുവതികള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി. കേസെടുത്ത ശേഷം യുവതികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.