വടക്കേമലബാറിലെ മാപ്പിളപ്പാട്ടെന്ന മൊഞ്ചത്തിക്ക് ഈണങ്ങള്‍കൊണ്ട് ചമയം ചാര്‍ത്തി കൊടുക്കാന്‍ കോഴിക്കോട് നിന്ന് തുനിഞ്ഞിറങ്ങിയ ഒരു മെലിഞ്ഞ് നീണ്ട മനുഷ്യന്‍. കേട്ടാലും കേട്ടാലും മതിവരാത്ത ഈണങ്ങള്‍ക്ക് തങ്ങളുടെ സ്വരമാധുര്യം പകര്‍ന്നവര്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് മുതല്‍ സിനിമാ പിന്നണി ഗാനരംഗത്തെ എത്ര പേര്‍… മാപ്പിളപ്പാട്ട് രംഗത്തെ എത്ര പേര്‍ എണ്ണി തിട്ടപ്പെടുത്താത്ത ഈണങ്ങളും ഗായികാഗായകരും…
ഇത്രയൊക്കെ ഈണം പകര്‍ന്നിട്ടും പ്രഗത്ഭരും അല്ലാത്തവരുമായ ഗായികാ ഗായകന്‍മാരെ തന്റെ ചൊല്‍പ്പടിക്ക് പാടിപ്പിച്ചിട്ടും ഔക്കുഭായിക്ക് എല്ലാം നിസാരം ഞാനത്ര വലിയ സംഗീതജ്ഞനൊന്നുമല്ല ഒക്കെയും ബോണ്‍ ഗിഫ്റ്റ് മാത്രമെന്ന്: ഒരു തബലിസ്റ്റ് അത്ര മാത്രമെ ഭാവം ‘പലതും നിസാരമെന്ന് തോന്നിപ്പിക്കുന്ന ഈണമെങ്കിലും പാടാന്‍ പ്പെടുന്ന പാട് അത് അനുഭവിച്ചവര്‍ക്കേ അറിയു…
‘ഉടനെ കഴുത്തെന്റെതറുക്കുബാപ്പ. ഉടയോന്‍ തുണയില്ലെ നമുക്ക് ബാപ്പ …1976 കാലഘട്ടത്തില്‍ വടകര കൃഷ്ണദാസും വിളയില്‍ വത്സലയും (ഇന്ന് ഫസീല) ചേര്‍ന്ന് ആലപിച്ച ഇബ്രാഹിം നബി(അ)യുടേയും പുത്രന്‍ ഇസ്മായില്‍ (അ) നബിയുടേയും ത്യാഗപൂര്‍ണ്ണമായ ഒരു ചരിത്രത്തെ ആസ്പദമാക്കി പി.ടി അബുല്‍ റഹിമാന്‍ എഴുതിയ ആ ഗാനം മാപ്പിളപ്പാട്ടാസ്വാദകര്‍ക്ക് പുത്തന്‍ അനുഭൂതി നല്‍കി: ആ ഗാനത്തിന്റെ സംഗീത സംവിധായകര്‍ കോഴിക്കോട് അബൂബക്കറാണെന്ന് ഇന്നും പലര്‍ക്കും അന്യമാണ്.
അതൊരു തുടക്കമായിരുന്നു. ഗ്രാമഫോണ്‍ ഗാനങ്ങള്‍ക്ക് പ്രചുരപ്രചാരം കിട്ടിയ കാലം തൊട്ട് ഈ രംഗത്ത് മാറ്റി നിര്‍ത്താനാവാത്ത നാമമായി മാറി സ്‌നേഹമുള്ളവര്‍ ഔക്കു ഭായി എന്ന് വിളിക്കുന്ന കോഴിക്കോട് അബൂബക്കര്‍.
കോഴിക്കോട് അങ്ങാടിയില്‍ ഇരുമ്പ് കച്ചവടം നടത്തി ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന ഇമ്പിച്ചമ്മുവിനും ഖദീസാക്കും മക്കള്‍ ഏഴാണ് ആരും തന്നെ സംഗീതവുമായി ബന്ധമുള്ളവരുമല്ല. അതിലൊരഞ്ചാമന്‍ മെലിഞ്ഞ് നീണ്ട് ഇരുനിറമുള്ളവന്‍ അബൂബക്കര്‍ പാട്ടിനോടിഷ്ടം കൂടിയതെങ്ങിനെ എന്ന് ചോദിച്ചപ്പോള്‍ വീണ്ടും വന്നു ബോണ്‍ ഗിഫ്റ്റ് എന്ന്:
അന്ന് പന്നിയങ്കരയില്‍ താമസിക്കുന്ന കാലം കൂട്ടായി മെലിഞ്ഞ് പൊക്കം കുറഞ്ഞ് പല്ലുന്തിയ ചുരുള മുടിക്കാരന്‍ മാമു: രണ്ടും കാണാന്‍ വലിയ ചൊറുക്കില്ലാത്ത ഈര്‍ക്കിലി കോലങ്ങള്‍ കുറ്റിച്ചിറ യു.പി സ്‌കൂളില്‍ ഒരേ ക്ലാസില്‍ പഠിക്കുന്നവര്‍: അബൂബക്കറിന്റെ എല്ലാ കഴിവും തനിക്കേ അറിയു എന്ന ഭാവത്തിലാ ചങ്ങായി മാമുവിന്റെ നടപ്പ് എങ്കിലും കുസൃതികളായിരുന്നില്ല രണ്ടാളും.
ഔക്കുവിന്റെ ഉള്ളിലെ സംഗീതവും മാമുവിനറിയാം. ക്ലാസില്‍ ഒരു നാള്‍ ടീച്ചര്‍ പാട്ടു പാടുവാന്‍ അറിയുന്നവരെ തിരയുന്നു. ഒരു കുട്ടി എഴുന്നേറ്റ് പാടാന്‍ തുടങ്ങിയതും മാമുചാടി വീണ് തടസ്സപ്പെടുത്തിയതും ഒപ്പം ഇതെന്താ എന്നും ഒരേ പാട്ടാ പാട് അയ്യ് അങ്ങട്ട് മാറി നിന്നാളി ഞമ്മളെ ഔക്കുപാടും പാട്ട്…
അന്ന് റേഡിയോയില്‍ കേട്ട ലതാ മങ്കേഷ്‌ക്കറിന്റെ ഒരു ഹിന്ദി ഗാനം ക്ലാസില്‍ കുട്ടികള്‍ക്ക് മുന്നില്‍ അബൂബക്കര്‍ പാടി നിര്‍ത്തിയപ്പോള്‍ ക്ലാസില്‍ നിലക്കാത്ത കരഘോഷം. വീണ്ടും പാടാന്‍ പ്രോത്സാഹനവുമായി കുട്ടികളും ക്ലാസ് ടീച്ചറും. പിന്നീടങ്ങോട്ട് ഗായകന്‍ ഔക്കുവിന്റെ പാട്ട് ക്ലാസ് മുറിയില്‍ മുഴങ്ങികേട്ടു. സ്‌കൂളിലെ ഗായക പട്ടം കിട്ടിയ അബൂബക്കര്‍ താരമായി വിലസ്സി നടക്കവെ മാമുവും കൂടെ കാണും.
പിന്നീട് ചില കല്ല്യാണവീടുകളില്‍ ചെറുസംഘങ്ങള്‍ ഗാനമേള അവതരിപ്പിക്കാന്‍ ഉണ്ടെന്നറിഞ്ഞാല്‍ ഔക്കുവും മാമുവും അവിടെയെത്തും. മാമുവിന്റെ നിര്‍ബ്ബന്ധബുദ്ധി പല വേദികളിലും ഔക്കുവിന് പാടാന്‍ അവസ്സരങ്ങളുണ്ടാക്കി. അങ്ങനെ ഒരു ഗായകനായി അബൂബക്കര്‍ അറിയപ്പെടാന്‍ തുടങ്ങിയ കാലത്ത് മലയാള സിനിമ ലോകത്ത് സംഗീത സംവിധായകനായി വിലസ്സുന്ന എം.എസ് ബാബുരാജ് അബൂബക്കറിനെ തന്റെ സംഘത്തില്‍ പാടാന്‍ ക്ഷണിക്കുന്നത് പെണ്‍ശബ്ദത്തില്‍ പാടുമായിരുന്ന അബൂബക്കറിന്റെ ഗാനങ്ങള്‍ ശ്രോതാക്കള്‍ക്ക് ഇഷ്ടപ്പെട്ടപ്പോള്‍ വേദികളില്‍ നിന്ന് വേദികളിലേക്കുള്ള യാത്രക്കിടയില്‍ മാമു എന്ന സ്‌നേഹിതനും നാടകനടനായി സഞ്ചാരം തുടങ്ങിയിരുന്നു. രണ്ടാളും കലയുടെ രണ്ട് വഴിയിലൂടെ യാത്ര തുടര്‍ന്നു. ആ മാമുവാണ് നാം ഇന്ന് കാണുന്ന പ്രശസ്ത സിനിമ നടന്‍ മാമുക്കോയ.
പ്രായം ഏറുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്ന ശബ്ദമാറ്റം അബൂബക്കറിലും പ്രകടമായപ്പോള്‍ സ്വയം തിരഞ്ഞെടുത്ത വഴിയാണ്: തബല. ഒരാളുടേയും ശിഷ്യത്വം സ്വീകരിക്കാതെ സ്വയം കൊട്ടി പഠിച്ച തബലിസ്റ്റ് ഗുരുകുല വിദ്യഭ്യാസമില്ലാതെ നിങ്ങളെങ്ങിനെ 56 അക്ഷരങ്ങളുള്ള തബലയുടെ ആദ്യ പാഠങ്ങള്‍ പഠിച്ചെടുത്തത് എന്ന് ചോദിച്ചപ്പോള്‍ എന്നോട് ചോദിക്കുവ. എനിക്കും നിനക്കും ആരാണ് ഗുരു? പടച്ചവന്‍ മാത്രമല്ലെ നമ്മുടെ ഗുരു എന്ന് പറഞ്ഞ് ഒരു ഔക്കു ടെച്ച് ചിരിയും അതാണ് ഔകാക്ക.
സ്വയം സ്വായത്തമാക്കിയ തബല വായനയിലൂടെ എസ്.എം കോയ അടക്കമുള്ള അന്നത്തെ പ്രശസ്തരായ സി.എ അബൂബക്കര്‍ (എസ്.എം കോയയുടെ മകളുടെ ഭര്‍ത്താവാണ് പ്രശസ്ത ഗായകനായിരുന്ന സി.എ.അബൂബക്കര്‍) മുതല്‍ ഒരു പാട് ഗായിക ഗായകന്‍മാര്‍ക്ക് പിന്നണി വായിച്ച അബൂബക്കറിനെ പാടുന്ന കാലങ്ങളിലൊന്നും തന്റെ ഉള്ളിലെ ആഗ്രഹമറിയിച്ചിട്ടും പല തബലിസ്റ്റുകളും തബല തൊട്ട് നോക്കാന്‍ വരെ സമ്മതിച്ചിരുന്നില്ല എന്നതാണ് സത്യം:
അതിന്റെ വാശിയും പ്രതീകവുമായിരുന്നു സ്വയം പഠിത്തം: കൊട്ടിക്കയറി ഉച്ചസ്ഥായിയിലെത്തുന്നതിന് മുമ്പ് തന്നെ ഹാര്‍മ്മോണിയത്തിന്റെ കട്ടകള്‍ അമരുന്നതിലേക്കും ഔക്കു ഭായിയുടെ മനസ്സും കണ്ണും ഉടക്കി നിന്നു.
വി.എം കുട്ടി, എം.പി ഉമ്മര്‍ കുട്ടി, എരഞ്ഞോളി മൂസ, ഐ.പി സിദ്ധീഖ്, സതീഷ് ബാബു, ഫിറോസ് ബാബു, സി.വി.എ. കുട്ടി ആഷിഫ് കാപ്പാട്, എം.എ. ഗഫൂര്‍, കണ്ണൂര്‍ ഷെരീഫ്, കൊല്ലം ഷാഫി, ആദില്‍ അത്തു, സുരേഷ് മണ്ണൂര്‍, പ്രകാശ്, താജുദ്ധീന്‍ വടകര, സിബല്ല, ഇന്ദിര, രഹന, ഫാരിഷ, ഹുസൈന്‍, സിന്ധു പ്രേംകുമാര്‍, അഷ്‌റഫ് പയ്യന്നൂര്‍, ഷമീര്‍ ചാവക്കാട്, ആര്യമോഹന്‍ ദാസ്, ഐശ്വര്യ, ശ്രുതി, തീര്‍ത്ഥ സുരേഷ്, സിദ്ധീഖ് മഞ്ചേശ്വര്‍ പോലെ എത്രയെത്ര സ്വര ഭംഗിയാണ് ആ ഈണത്തിലൂടെ കേരവും ഒപ്പം അറബ് നാടും കേട്ടത്.
ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന് വേണ്ടി തരംഗിണിയിലൂടെ മൈലാഞ്ചി പാട്ടുകള്‍ക്ക് ഈണം നല്‍കുക വഴി എത്രയെത്ര സബീന പാട്ടുകളാണ് അറിയാമായിരുന്നിട്ടും മൂളാതിരുന്ന പ്രശസ്ത രചനകളെ നമ്മെ കൊണ്ട് വേറിട്ട ഈണത്തിലൂടെ മലയാളികളെ കൊണ്ട് ഏറ്റ് പാടിച്ചത്:
ഉണ്ടെന്നും മിശ്ക്കാത്തും: പുറപ്പെട്ടബുജാഹില്‍’ ഉടനെ ജുമൈലത്ത് , അഹദത്തിലെ ആകെ ചുറ്റിലകത്ത് ‘ തരണം പിതാവോരെ’ അള്ളാ റസൂലിനേയും പോലുള്ള പഴയ കാല കവികളുടെ ഗാനങ്ങള്‍ നമുക്ക് സുപരിചിതമാക്കി നല്‍കിയ സംഗീത സംവിധായകന്‍:
മലബാറിന്റെ കവനകുലത്തിലെ കുലപതികളായ ബാപ്പു വെള്ളിപ്പറമ്പ്, ഒ.എം.കരുവാരക്കുണ്ട്, ബാപ്പുവാവാട്, പക്കര്‍ പന്നൂര്‍, കെ.സി.എ. ചെലവൂര്‍, കെ.പി കായലാട്, ഒ. അബു, പ്രേം സൂറത്ത്, അഡ്വ: ബി എഫ്. അബ്ദുല്‍ റഹിമാന്‍, മുഹമ്മദ് മറ്റത്ത്, സെലാംആലപ്പുഴ,ആഷിര്‍ വടകര, പി.എ.ബി.അച്ചനമ്പലം, എം.എച്ച്. വളളുവങ്ങാട്, ആലിക്കുട്ടി കുരിക്കള്‍, അഷ്‌റഫ് കുന്നത്ത്, യഹ്‌യ തളങ്കര, അബ്ദുല്ല ലേസ്യത്ത്, പപി.ടി അരീക്കോട്, പി.എസ്.ഹമീദ്, ഇബ്രാഹിം അങ്കോല, കൂടാതെ ഈയുള്ളവന്റെയും ഒത്തിരി വരികള്‍ക്കും ഔക്കുഭായി ഈണം നല്‍കിയിട്ടുണ്ട്.
പാട്ടുകളുടെ കണക്ക് ഇന്ന് വരെ വെക്കാത്ത സംഗീത സംവിധായകന്‍ ചെയ്ത പാട്ടുകള്‍ എതെന്ന ഓര്‍മ്മ പലതും ഇല്ല. നോക്കിയിട്ടില്ല എങ്കിലും ചിലത് ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞെടുത്ത് പറഞ്ഞു.
കരയാനും പറയാനും
ഉമ്മയെ ചോദിച്ച്
ഉഹദിലെ മണല്‍ തരി
മൊഞ്ചില്‍ മികന്തവളെ
മൗത്തും ഹയാത്തും
മുത്ത് മെഹബൂബെ
ഖൈറുല്‍ വറായ സെയ്യദി
മണ്ണില്‍ ഞാന്‍ ജീവിച്ചിരുന്നതും
എന്തിനാണ് നീല കണ്ണില്‍ സുറുമ
മക്കയില്‍ മണി മുത്ത്.
ഖബറാണ് മുന്നില്
മസ്ജിദുല്‍ ഹറമിന്റെ
അന്ത്യദൂതരെ
ത്വാഹ റസൂലുള്ളാവെ.
ദഖലറിയുന്നോനെ
മക്കത്ത് പൂത്തൊരു
സുബഹി ബാങ്കിനുണര്‍ന്നില്ല
നടന്ന ദൂരം ഇനി നമ്മള്‍ നടക്കുമൊ
കടക്കണ്ണിന്‍ മുന
ഒട്ടിയ വയറിന്‍ കഷ്ടത
ശോണിമ കലര്‍ന്ന മുകില്‍
ഖിബ്ലാക്ക് നേരെ മുഖം
മനസ്സകമില്‍
കത്തുന്ന ശംസ്
ഉദിച്ചുയരും ശംസ്
പാവാടക്കാരി
ശിഹാബിന്റെ നേതൃത്വം
കഷ്ടങ്ങള്‍ തീര്‍ക്കാന്‍ അള്ളാഹു
പണത്തിന്‍ കിലുക്കം
ബാങ്കു കേട്ട കാതുകള്‍…
ഇങ്ങനെ എത്രയെത്ര വരികള്‍ ആരെല്ലാമൊ പാടി എങ്ങനെ ഓര്‍മ്മയില്‍ നില്‍ക്കും പല പാട്ടുകളും ഈണം നല്‍കി റിക്കാര്‍ഡിങ്ങ് കഴിഞ്ഞ് മിക്‌സ് ചെയ്ത് നിര്‍മ്മാതാക്കള്‍ കൊണ്ട് പോയാല്‍ പിന്നെ പലരും കൊണ്ട് വന്ന് തരികയൊ റിലീസിങ്ങ് പോലും അറിയിക്കുകയൊ ചെയ്യാറില്ല: എഴുതിയവരേയും ഓര്‍ക്കാറില്ല പലരും:
പണ്ട് കാലങ്ങളില്‍ പഠിപ്പിച്ച ഗുരുവിനേയും വഴികാട്ടി തന്നവനേയും കൂടെ പ്രവര്‍ത്തിച്ചവനേയും എന്നും ഓര്‍ത്ത് വെക്കുമായിരുന്നു കലാകാരന്‍മാര്‍… ഇന്നതൊക്കെ മാറിയില്ലെ.
ഇന്ന് എഴുതിയവരൊ ഈണം നല്‍കിയവരൊ പാടിയവരൊ തമ്മില്‍ കാണാറെയില്ല: നല്ല നല്ല പാട്ടുകാരുടെ പേരു പറഞ്ഞ് ട്യൂണ്‍ ചെയ്യിച്ച് ആരെല്ലാമൊ പാടി വികൃതമാക്കിയ പാട്ടുകളെത്ര.
ഇന്ന് ഗായകരുടെ ഗായികയുടെ സമയത്ത് സ്റ്റുഡിയോവിലെത്തി ആരെങ്കിലും പാടിയ ട്രാക്ക് സൗണ്ട് ഇഞ്ചിനീയര്‍ കേള്‍പ്പിക്കും. ചിലര്‍ നന്നായി പാടും… ചിലര്‍ എങ്ങിനെയെങ്കിലും പാടി സ്ഥലം വിടും. ഓര്‍ക്കസ്ട്രക്കാരും ഇന്ന് തമ്മില്‍ കാണാറില്ല. അത് കൊണ്ട് പാട്ടൊരു ഭാഗത്തും പശ്ചാത്തല സംഗീതം മറ്റൊരു ഭാഗത്തും സ്വരചേര്‍ച്ചയല്ലാതാവുന്നു…
ഔക്കുഭായി പറയുന്നു മാപ്പിളപ്പാട്ടിലെ കുലപതിയായിരുന്ന എസ്.എം കോയയുടെ കൂടെയുള്ള നാളുകള്‍ മറക്കാനാവാത്തതാണ് പലതും പറഞ്ഞ് മനസ്സിലാക്കി തരുമായിരുന്നു. ‘ഞാന്‍ മനസ്സ് കൊണ്ട് ഗുരുസ്ഥാനത്ത് കാണുന്നതും എസ്. എം കോയയെയാണ്. എന്തൊരു സ്‌നേഹമായിരുന്നു. കൂടെ കൊണ്ട് നടക്കുന്ന ഓര്‍ക്കസ്ട്രക്കാരേയും എഴുത്തുകാരേയും പാട്ടുകാരേയും അതൊക്കെ ഓര്‍മ്മ മാത്രമായതില്‍ സങ്കടമുണ്ട്.
തിരിഞ്ഞ് നോക്കുമ്പോള്‍ ഗുരുകുല വിദ്യയില്ലാത്ത എനിക്ക് സന്തോഷം ഏറേയാണ്: കാരണം യേശുദാസ്, വിജയ് യേശുദാസ്, ചിത്ര, സുജാത, മാര്‍ക്കോസ്, ഉണ്ണി മേനോന്‍, അഫ്‌സല്‍, സതീഷ് ബാബു, രാധിക തിലക്, ആശാലത പോലെ മലയാള സിനിമ ഗാനരംഗത്തെ ഒരു പിടി പേര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.
ഒരു പാട് പുതിയ പാട്ടുകാരെ ഈ രംഗത്തേക്ക് കൊണ്ട് വരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. എന്നാല്‍ എനിക്ക് ഗുരുക്കന്‍മാരില്ലെങ്കിലും ശിഷ്യന്‍മാര്‍ ഒരുപാടുണ്ട് മജീദ് മാത്തോട്ടം, അസീസ് കോഴിക്കോട്, പൊന്നു ബാലന്‍, അഷറഫ്, കബീര്‍ദാസ് ഷബീര്‍ദാസ് ഇതില്‍ ചിലരാണ്.
മുഹമ്മദ് റാഫിയുടെ പാട്ടുകളെ ഏറെ സ്‌നേഹിക്കുന്ന എനിക്ക് അദ്ദേഹം പാടിയ പാട്ടുകള്‍ക്ക് വേദിയില്‍ മറ്റുള്ളവര്‍ പാടുമ്പോള്‍ തബലയും ഡോലഗ്ഗും വായിക്കുവാന്‍ സാധിച്ചു. ചില ഹിന്ദു ഭക്തിഗാനങ്ങള്‍ക്കും ഉത്സവഗാനങ്ങള്‍ക്കും ഈണം നല്‍കാനും സാധിച്ചു. ഒരു പാട് സിനിമക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു. ഇന്ന് വരെ കണക്ക് പറഞ്ഞ് പ്രതിഫലം വാങ്ങിയിട്ടില്ല. എന്നെ സമീപിക്കുന്നവരുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ച് കൊടുക്കല്‍ എന്റെ ദൗത്യമായി ഞാന്‍ കാണുന്നു. സമ്പാദ്യമായി ഒരു വീടും എന്നെ ഏറെ പ്രോത്സാഹിപ്പിച്ച് കൂടെ നില്‍ക്കുന്ന പ്രിയപ്പെട്ട ഭാര്യ സുബൈദയും അഞ്ച് മക്കളും. പന്ത്രണ്ട് പേരക്കുട്ടികളും മാത്രം. മക്കളാരും എന്റെ സംഗീത വഴിയിലേക്ക് വന്നിട്ടില്ല.
ഇത്രയും കാലത്തെ കലാ പ്രവര്‍ത്തനം കൊണ്ട് എന്ത് നേടി എന്ന് ചോദിച്ചാല്‍ ജീവിച്ചു. അത് തന്നെ ഭാഗ്യം: നന്ദി അള്ളാഹുവിനോട് മാത്രം. അര്‍ഹിച്ച അംഗീകാരം കിട്ടിയൊ എന്ന് ചോദിച്ചാല്‍ ഞാനും ചോദിക്കുന്നു കിട്ടിയൊ?
ഇന്ന് 16.9,2019 ന്. കോഴിക്കോട് വെച്ച് മാപ്പിളപ്പാട്ടിലെ ഈണങ്ങളുടെ സുല്‍ത്താനായ കോഴിക്കോട് അബൂബക്കര്‍ എന്ന ഔക്കുഭായിയെ മ്യൂസിക്ക് ഇന്‍സ്ട്രുമെന്‍സ് പ്ലെയേഴ്‌സ് അസോസിയേഷന്‍ ഔക്കാക്കയെ ആദരിക്കുകയാണ്. ഈ അസുലഭ മുഹൂര്‍ത്തത്തില്‍ സാക്ഷികളാവാന്‍ കഴിയുന്നതും ഒരു ധന്യ നിമിഷമായി ഞാന്‍ കരുതുന്നു. നമുക്കും ആദരിക്കേണ്ടെആ സംഗീത രാജാവിനെ…