കാഞ്ഞങ്ങാട്: വിദ്യാഭ്യാസ വകുപ്പിലെ സംസ്ഥാന തല കലാകായിക മേളകളിലും വിദ്യാലയങ്ങളിലെ ആഘോഷങ്ങള്‍ക്കും കൊഴുപ്പേകാന്‍ ഇനി വര്‍ണ്ണപ്പൊടി വേണ്ട. ഇവ വിതറുന്നതിനും പൂശുന്നതിനും പൊതു വിദ്യാഭ്യാസ വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തി. യാത്രയയപ്പുകള്‍, വര്‍ഷാവസാന ക്ലാസ്സ് പിരിയല്‍ തുടങ്ങിയ വേളകളില്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം വര്‍ണ്ണപ്പൊടികള്‍ വാരിയെറിഞ്ഞും ശരീരത്തില്‍ പൂശിയുമുള്ള ആഘോഷം വ്യാപകമാകുന്നതിനെതിരെയാണ് പൊതുവിദ്യാഭ്യാസവകുപ്പ് രംഗത്തെത്തിയത്. കുങ്കുമം പോലുള്ള വര്‍ണപ്പൊടികള്‍ പരസ്പരം വാരിയെറിഞ്ഞുള്ള ആഘോഷങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടി വരികയാണ്.
മാരകമായ രാസവസ്തുക്കള്‍ അടങ്ങിയ പൊടികള്‍ കുട്ടികള്‍ക്ക് മാരകമായ ആരോഗ്യ പ്രശ്‌നമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് വര്‍ണ്ണപ്പൊടി എറിഞ്ഞുള്ള ആഘോഷം നിര്‍ത്താന്‍ ഉത്തരവിറക്കിയത്. എസ്.എസ്.എല്‍. സി., പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പരീക്ഷ കഴിഞ്ഞ് വിടപറയുമ്പോള്‍ അടുത്തകാലത്തായി കണ്ടുവരുന്നതാണ് ഉത്തരം ആഘോഷം. പൊടി കണ്ണിലും മൂക്കിലുമെല്ലാം കയറുന്നത് രോഗങ്ങള്‍ വിളിച്ചു വരുത്തുവാനും മറ്റ് ശരീര പ്രയാസങ്ങള്‍ക്കും കാരണമാകുമെന്ന മുന്നറിയിപ്പുമുണ്ട്. ആഘോഷം അതിരുകടന്ന് സംഘര്‍ഷത്തിനും വഴിമാറുന്നുണ്ട്. വിലക്ക് ലംഘിച്ച് ആഘോഷങ്ങള്‍ നടത്തിയാല്‍ കര്‍ശന അച്ചടക്ക നടപടിയെടുക്കുവാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.