കാലം 1968-1969. സ്ഥലം ബാങ്ക് റോഡ്. പരേതനായ അഡ്വ. ലക്ഷ്മണന്‍ വക്കീലിന്റെ വക മാളികയില്‍ ഞങ്ങള്‍ ‘ഉദയ തീയേറ്റേഴ്‌സ്’ എന്നൊരു നാടകസംഘം ഉണ്ടാക്കി റിഹേഴ്‌സല്‍ നടത്തുന്നു. കാസര്‍കോട് സ്വദേശികള്‍ ആരുമില്ല. പരമന്‍ മാസ്റ്ററെയും കെ.എസ്.ഇബി.യില്‍ ലൈന്‍മാന്‍ ആയിരുന്ന ദേവസ്യയേയും പ്രത്യേകം ഓര്‍ക്കുന്നു. കടവൂര്‍ ജി ചന്ദ്രന്‍ പിള്ളയുടെ ‘ആകാശഗംഗ’ നാടകം. കോഴിക്കോട് സ്വദേശി എല്‍.ഐ.സി ഉദ്യോഗസ്ഥന്‍ ബാലകൃഷ്ണനാണ് സംവിധായകന്‍. മറ്റു ചുമതലകള്‍ എനിക്ക.് നീലേശ്വരത്ത് നിന്നുള്ള രണ്ടു നടികള്‍ ജെസിയും സൗമിനിയും. ഒരു ദിവസം റിഹേഴ്‌സല്‍ നേരത്ത് 12മണി. പാതിരാനേരം. നാലഞ്ചാളുകള്‍ മുകളിലേക്ക് കയറിവന്നു. കപ്പടാ മീശയും ശുഭ്രവസ്ത്രങ്ങളുമായി. കണ്ടാല്‍ കലാകാരന്‍ എന്ന് തോന്നിക്കുന്ന ഒരാള്‍. ജെസ്സിയുടെ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു. ഞാന്‍ അനുവദിച്ചു. വന്നവര്‍ പെട്ടെന്ന് പോവുകയും ചെയ്തു. ഞാന്‍ ജെസ്സിയോട് ചോദിച്ചു. ആരാ ജെസ്സി? കാഞ്ഞങ്ങാടിനടുത്ത് അതിയാമ്പൂരില്‍ ഒരു നാടകം ജെസ്സി ഏറ്റിരുന്നു. റിഹേഴ്‌സലിന് തീരെ കാണാത്തതിനാല്‍ തിരക്കി വന്നതാണ്. ‘ആ മീശക്കാരന്‍ ആരാ’ അതിയാംമ്പൂരിലെ വി. കുഞ്ഞികൃഷ്ണന്‍. ആകാശഗംഗ നാടകം പരാജയമായിരുന്നു. ഞാനത് മറന്നു. കുറച്ചുകാലം കഴിഞ്ഞ് ഞാന്‍ ബസ്റ്റാന്റ് ക്രോസ് റോഡില്‍ നാഷണല്‍ ബുക്സ്റ്റാള്‍ ഏജന്‍സിയുമായി കഴിയുന്ന നാളുകള്‍. പണ്ടു കണ്ട കപ്പടാ മീശക്കാരന്‍ ശുഭ്രവസ്ത്രങ്ങളുമായി വീണ്ടും വന്നു. എന്റെ അച്ചടിച്ചുവന്ന രചനകള്‍ അദ്ദേഹം വായിച്ചിരിക്കുന്നു. അതിയാമ്പൂരില്‍ ‘നെന്മണികള്‍’ നാടകം സംവിധാനം ചെയ്തു. പുതിയ നാടകമായ ‘മണി’ അദ്ദേഹത്തിന് വേണം. അവതരിപ്പിക്കാനല്ല, കുഞ്ഞികൃഷ്ണനും അജാനൂര്‍ പപ്പനും കൂടി കാരവല്‍ എന്ന പേരില്‍ ഒരു ദ്വൈവാരിക
തുടങ്ങുന്നു അതിലേക്ക് എന്റെ നാടകം നിര്‍ബന്ധം. അച്ചടിക്കാന്‍ സൃഷ്ടി കൊടുത്താല്‍ പ്രതിഫലം ആവശ്യപ്പെടണം എന്നൊരു പാഠം ഗുരുനാഥന്മാര്‍ ചൊല്ലി തന്നിട്ടുണ്ട്. ഞാന്‍ കൂസലില്ലാതെ ചോദിച്ചു. എന്തു പ്രതിഫലം തരും. കുഞ്ഞികൃഷ്‌ണേട്ടന്‍ ജുബ്ബക്കീശയില്‍ നിന്ന് 50 രൂപ എടുത്ത് എനിക്ക് നീട്ടി. ‘മണി’ നാടകം മേശവലിപ്പില്‍ ഉണ്ടായിരുന്നു. വേറെ കോപ്പി ഇല്ലാത്തതിനാല്‍ കമ്പോസിംഗ് കഴിഞ്ഞാല്‍ ഭദ്രമായി തിരികെ തരണം എന്നും എന്റെ അനുവാദം കൂടാതെ വേറെ ആരും അവതരിപ്പിക്കരുതെന്നും ഞാന്‍ ആവശ്യപ്പെട്ടു. കപ്പടാ മീശയും മുഖം നിറയെ ഗൗരവും ഉണ്ടെന്നല്ലാതെ സൗമ്യനായ ആ മനുഷ്യന്‍ എനിക്ക് ഹസ്ത ദാനം തന്ന് സ്‌ക്രിപ്റ്റുമായി നേരെ നടന്നു. രണ്ടുമാസം കഴിഞ്ഞപ്പോള്‍ കുഞ്ഞികൃഷ്ണന്‍ വീണ്ടും വന്നു. ഇക്കുറി ഒന്നിച്ച് അജാനൂര്‍ പപ്പനും ഉണ്ട്. കാരവല്‍ ദ്വൈവാരികയുടെ പ്രകാശന ചടങ്ങിന് ഞാന്‍ നിര്‍ബന്ധമായും ചെല്ലണം. വൈകീട്ട് 4 മണിക്ക് കോട്ടച്ചേരി റോഡരികിലാണ് പ്രകാശനം. വലിയ ആര്‍ഭാടങ്ങള്‍ ഒന്നുമില്ല. വ്യാപാരി വ്യവസായി ഭാരവാഹി പൂക്കുഞ്ഞിന് ഞാന്‍ കാരവല്‍ നല്‍കണം. ഞാനേറ്റു. ഒരു ഞായറാഴ്ചയാണ്. വലിയ സദസ്സ് ഒന്നുമില്ല. കാരവല്‍ ടാബ്ലോയിഡ് സൈസില്‍ ആണ്. ഒരു ഫോറം കളറില്‍ ആണ്. ‘മണി’ നാടകം ആഘോഷപൂര്‍വ്വം ചേര്‍ത്തിട്ടുണ്ട്. എ.എന്‍.ഇ സുവര്‍ണ്ണ വല്ലി, മേലത്ത് ചന്ദ്രശേഖരന്‍, ടി.കെ.ജി നായര്‍ തുടങ്ങിയവരാണ് എഴുത്തുകാര്‍. നിര്‍ഭാഗ്യമെന്നു പറയട്ടെ, ആ ഉദ്ഘാടന പതിപ്പോടെ കാരവല്‍ കുഞ്ഞികൃഷ്ണട്ടന്റെ ശ്വാസം മുട്ടല്‍ ബാധിച്ച പത്രം നിശ്ചലമായിപ്പോയി. മാസങ്ങള്‍ കഴിഞ്ഞു. കാസര്‍കോട് നിന്ന് സായാഹ്ന പത്രം ഇറക്കാന്‍ കെ.എ അഹ്മദ് തീരുമാനിക്കുന്നു. കാരവല്‍ ഡിക്ലറേഷന്‍ കുഞ്ഞി കൃഷ്ണനില്‍ നിന്ന് വാങ്ങാന്‍ എന്നെ കാഞ്ഞങ്ങാട്ടേക്ക് അയക്കുന്നു. യാതൊരു ഉപാധികളും ഇല്ലാതെ കാവല്‍ ഞങ്ങള്‍ക്ക് തന്നു .വൈക്കം മുഹമ്മദ് ബഷീര്‍, കെ.എസ് അബ്ദുള്ള എന്നിവരടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പുലിക്കുന്ന് ചിന്മയാമിഷന്‍ ഹാളില്‍ കാരവല്‍ ദിനപത്രമായി ഇറങ്ങി. പരസ്യത്തിന്റെ ആദ്യമാസങ്ങളില്‍ തന്നെ നന്നേ ഞെരുങ്ങേണ്ടി വന്നു. ഞാനും കുഞ്ഞി കൃഷ്‌ണേട്ടനും പരസ്യം തേടിയിറങ്ങും. വലിയ മെച്ചമൊന്നും ഉണ്ടായിരുന്നില്ല. പത്രത്തില്‍ ചിലവുണ്ടായി. ആറുമാസം കഴിഞ്ഞപ്പോള്‍ കുഞ്ഞികൃഷ്ണന് പത്രത്തിന്റെ ഉടമസ്ഥതയില്‍ ഷെയറും പ്രതിമാസം 500 രൂപ വേണമെന്നും ശാഠ്യം. നഷ്ടത്തിലോടുന്ന പത്രത്തിന് മുബാറക് പ്രസ്സുണ്ടായിരുന്നത് കൊണ്ടാണ് നിത്യം ഇറങ്ങാന്‍ സാധിച്ചത്. കൃഷ്‌ണേട്ടന്റെ ആവശ്യം അംഗീകരിക്കാനായില്ല. അദ്ദേഹം രജിസ്റ്റര്‍ നോട്ടീസ് അയച്ചു. തന്റെ പേരിലുള്ള ഡിക്ലറേഷന്‍ തിരികെ ലഭിക്കാന്‍. മടക്കിനല്‍കി. ഉത്തരദേശം ആരംഭിച്ചു. ഞങ്ങള്‍ തമ്മിലുള്ള ബന്ധം മുറിഞ്ഞു. കാരവല്‍ഇറക്കാന്‍ കൃഷ്ണന്‍ ശ്രമിച്ചു. പരാജയപ്പെട്ടു.
കൃഷ്ണന്‍ പിന്നീട് ഏറെ നിരാശനായി. ‘മണി’ അച്ചടിച്ച കാരവല്‍ കിട്ടിയാല്‍ ഉപകാരമായി എന്ന് പറഞ്ഞ് അഞ്ചുരൂപയുടെ സ്റ്റാമ്പ് ഞാന്‍ അതിയാമ്പൂര്‍ വിലാസത്തില്‍ അയച്ചു. അപ്പോഴേക്കും എല്ലാ ഭൗതിക ജീവിത സാഹചര്യങ്ങളും ഉപേക്ഷിച്ച് ആരില്‍ നിന്നോ സന്യാസം സ്വീകരിച്ച് സ്വാമിജിയായി പി. കുഞ്ഞികൃഷ്ണന്‍ അതിയാമ്പൂരെ കൊച്ചു വീട്ടില്‍ ഒതുങ്ങി. സംഭവബഹുലമായ ആ ജീവിതം കാവിയില്‍ മുങ്ങി നിശബ്ദനായി. നാലു രൂപ 50 പൈസയുടെ തപാല്‍ സ്റ്റാമ്പ് മടക്കിയയച്ചു. എന്നോട് ക്ഷമ യാചിച്ച് ഭൗതിക കാര്യങ്ങള്‍ ഒന്നും ഇനി സംസാരിക്കേണ്ടതി ല്ലെന്ന് സ്വാമിജി എന്നെ ഉണര്‍ത്തി. ഡോ. റാം മനോഹര്‍ ലോഹ്യയുടെ ആശയ ആദര്‍ശങ്ങളില്‍ മുഴുകി സോഷ്യലിസ്റ്റ് സുപ്രഭാതത്തിനായി ദാഹിച്ച കുഞ്ഞികൃഷ്ണന്‍ ഒരുനാള്‍ കണ്ണടച്ചു. പത്രങ്ങള്‍ നല്ല നിലയില്‍ തന്നെ ചരമക്കോളത്തില്‍ വാര്‍ത്ത നല്‍കി. ഉത്തരദേശം, കാരവല്‍ തുടങ്ങിയ പത്രങ്ങളില്‍ നല്ല മട്ടില്‍ വാര്‍ത്ത വന്നു. എനിക്ക് കെഎം. അഹ്മദ് വക ഒരു തപാല്‍ കാര്‍ഡ് വന്നു. ‘ഹനീഫ്; നമ്മുടെ കൃഷ്‌ണേട്ടന്റെ വേര്‍പാട് അറിഞ്ഞല്ലോ, നമുക്ക് എന്തെങ്കിലും അദ്ദേഹത്തിനുവേണ്ടി ചെയ്യേണ്ട…’ ഞാന്‍ ആ കാര്‍ഡ് ഗൗനിച്ചതേയില്ല. അങ്ങനെ വി. കുഞ്ഞികൃഷ്ണന്‍ എന്ന തീപ്പന്തം സകല പൂര്‍വ്വാശ്രമ ബന്ധങ്ങളും വിച്ഛേദിച്ച് അതിയാമ്പൂരില്‍ ജ്വലിച്ചമര്‍ന്നു.